കങ്കണയ്ക്ക് പരസ്യ പിന്തുണയുമായി കേന്ദ്രമന്ത്രി; ഓഫീസ് പൊളിച്ച നടപടിയില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം; ഗവര്‍ണറെ കണ്ടു
national news
കങ്കണയ്ക്ക് പരസ്യ പിന്തുണയുമായി കേന്ദ്രമന്ത്രി; ഓഫീസ് പൊളിച്ച നടപടിയില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം; ഗവര്‍ണറെ കണ്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th September 2020, 4:56 pm

മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിനെ പരസ്യമായി പിന്തുണച്ച് കേന്ദ്രമന്ത്രി രാം ദാസ് അത്തേവാല. കങ്കണയുടെ മുംബൈയിലെ ഓഫീസ് ഭാഗികമായി പൊളിച്ചതില്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ സമീപിച്ചു.

കങ്കണ റണൗട്ട് നഗരത്തിലില്ലാതിരിക്കുന്ന സമയത്ത് അവര്‍ക്ക് ഒരു ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്റെ ഒരു നോട്ടീസ് ലഭിച്ചിരുന്നു. ശിവസേന നിയന്ത്രണത്തിലുള്ള കോര്‍പറേഷന്‍ 24 മണിക്കൂറിനുള്ളില്‍ കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റുമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ നീതി വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം കങ്കണയെ അവരുടെ മുംബൈയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. നഗരത്തിലുള്ളപ്പോള്‍ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി കങ്കണയോട് പറഞ്ഞു.

‘ഗവര്‍ണറുമായി അരമണിക്കൂറിനടുത്ത് സംസാരിച്ചു. കങ്കണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അവര്‍ക്ക് നേരെ നടന്നത് അനീതിയാണ്,’ അത്തേവാല കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കങ്കണയ്ക്ക് നീതി ലഭിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

മുംബൈ കോര്‍പറേഷന്‍ കങ്കണയുടെ ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്തതായും അവര്‍ അധികാരം ദുര്‍വിനോയം ചെയ്തതായും അത്തേവാല ആരോപിച്ചു.

നേരത്തെ മുംബൈയില്‍ ബി.എം.സി അധികൃതര്‍ ഭാഗികമായി തകര്‍ത്ത ഓഫീസ് പുതുക്കി പണിയാനുള്ള പണം കൈയ്യിലില്ലെന്ന് നടി കങ്കണ റണൗത്ത് പറഞ്ഞിരുന്നു. ഓഫീസിന്റെ തകര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്നു തന്നെ താന്‍ ജോലി ചെയ്യുമെന്നും കങ്കണ പറഞ്ഞിരുന്നു.

കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഉദ്ദവ് താക്കറെ തന്റെ പിതാവും ശിവസേന സ്ഥാപകനുമായ പ്രത്യയ ശാസ്ത്രത്തെ അധികാരത്തിനായി വിറ്റതായി കങ്കണ നേരത്തെ ആരോപിച്ചിരുന്നു.

ഒപ്പം ശിവസേനയെ സോണിയ സേനയാക്കി മാറ്റിയെന്നും തന്റെ വീട് പൊളിക്കാന്‍ ബി.എം.സി ഗുണ്ട അയച്ചെന്നും കങ്കണ നേരത്തെ ആരോപിച്ചിരുന്നു. അതേ സമയം ഉദ്ദവ് താക്കറെക്കെതിരെ മോശമായ ഭാഷയില്‍ സംസാരിച്ചതിന്റെ പേരില്‍ മുംബൈയിലെ ഒരു അഭിഭാഷകന്‍ കങ്കണയ്ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

അതേ സമയം കങ്കണയുടെ ഓഫീസ് പൊളിച്ചു മാറ്റുന്നതിനുള്ള സ്റ്റേ സെപ്റ്റംബര്‍ 22 വരെ നീട്ടി നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായി നിര്‍മാണം നടത്തിയെന്നാരോപിച്ച് കങ്കണയുടെ മുംബൈയിലെ പോഷ് പലി ഹില്‍ ഏരിയയിലുള്ള മണികര്‍ണിക ഫിലിം ഓഫീസ് പൊളിച്ചുനീക്കാന്‍ ബി.എം.സി നടപടി ആരംഭിച്ചിരുന്നു.

എന്നാല്‍ ബുധനാഴ്ച ഓഫീസ് പൊളിച്ച് മാറ്റാനുള്ള നടപടി ബോംബെ ഹൈക്കോടതി ബുധനാഴ്ച സ്റ്റേ ചെയ്തു. കെട്ടിടം പൊളിച്ച് മാറ്റാനുള്ള ബി.എം.സി നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം പൊളിച്ച് മാറ്റല്‍ നിര്‍ത്തിവെയ്ക്കാനാണ് കോടതി ഉത്തരവിട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Union Minister Ramdas Athewale Gives support to Kankana Ranaut