ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അതാവ്ലേ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 350 ഓളം സീറ്റ് നേടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവരുമെന്നും അതിനാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും അതാവ്ലേ പറഞ്ഞു.
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ കൂടുതല്‍ കാലം ഉണ്ടാവില്ല. കുമാരസ്വാമി അസ്വസ്ഥനാണ്. ബി.ജെ.പി-ജെ.ഡി.എസ് സഖ്യം രൂപവത്കരിക്കാമെങ്കില്‍ എന്തിനാണ് അദ്ദേഹം കോണ്‍ഗ്രസിന് പുറകെ പോകുന്നത്. അത്തരത്തില്‍ സഖ്യ ചര്‍ച്ചകള്‍ നേരത്തെ ഉണ്ടായിരുന്നു. പക്ഷെ കോണ്‍ഗ്രസിന് ബുദ്ധിയുണ്ടായിരുന്നു. അവര്‍ ജ.ഡി.എസിന് പിന്തുണ നല്‍കി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. പക്ഷെ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളില്‍ സന്തുഷ്ടനല്ല. അതിനാല്‍ സര്‍ക്കാര്‍ അധികമൊന്നും മുന്നോട്ട് പോകില്ലെന്നും രാംദാസ് വ്യക്തമാക്കി.
ജാതി രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ഉള്ളത് കോണ്‍ഗ്രസിലാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് കൂടിയായ അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ബി.ജെ.പിയെ വിളിക്കുന്നത് വര്‍ഗീയ പാര്‍ട്ടി എന്നാണ്. പക്ഷെ കോണ്‍ഗ്രസാണ് ശരിയായ വര്‍ഗീയവാദി പാര്‍ട്ടി. അവരുടെ മുഖം മതേതരമാകാം. പക്ഷെ അവര്‍ വര്‍ഗീയവാദികളാണെന്നും രാംദാസ് അതാവ്ലേ കൂട്ടിച്ചേര്‍ത്തു.