ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയ വേളയില്‍ മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ ചൈനീസ് കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കൊപ്പം കൊണോണയെ ഓടിക്കാനുള്ള കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ ഗോ കൊറോണ പ്രാര്‍ത്ഥനാ ഗാനം വലിയ രീതിയില്‍ വൈറലായിരുന്നു.
കൊവിഡുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ടവയില്‍ ഒന്നായിരുന്നു ഇത്. പ്രാര്‍ത്ഥന ചൊല്ലി കൊറോണയെ ഓടിക്കുന്ന മന്ത്രിയുടെ നടപടിക്കെതിരെ വലിയ രീതിയിലുള്ള പരിഹാസവും ആ സമയത്ത് ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇന്ന് സമാനമായ മറ്റൊരു ട്രോളാണ് അത്താവലെയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇന്ത്യ- ചൈന തര്‍ക്കത്തിന് പിന്നാലെ ചൈനീസ് ഉത്പ്പന്നങ്ങള്‍ എല്ലാം ഉപേക്ഷിക്കണമെന്നും ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ നിരോധിക്കണമെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനക്കെതിരെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയത്. ചൈനീസ് ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിക്കണമെന്ന് താന്‍ ഇന്ത്യയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നായിരുന്നു അത്താവലെ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് അത്താവലക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നു തുടങ്ങിയത്. ഗോ മജ്ഞൂരിയന്‍ ഗോ, ഗോ നൂഡില്‍സ് ഗോ, ഗോ ഫ്രൈഡ് റൈസ് ഗോ, ഗോ ഷെസ്‌വാന്‍ ഗോ, ഗോ ചൗമേന്‍ ഗോ എന്നിങ്ങനെയായിരുന്നു ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഗോ കൊറോണയ്ക്ക് ശേഷം അത്താവലെയുടെ മാസ് ഡയലോഗ് എന്നുപറഞ്ഞായിരുന്നു ചിലര്‍ ട്രോളിയത്. ഇന്ത്യന്‍ ചൈനീസ് ഗോപി മജ്ഞൂരിയന്‍ വിളമ്പിയതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ ഇന്ത്യന്‍ ഷെഫ് എന്ന് പറഞ്ഞുള്ള മീമുകളും ചിലര്‍ ഷെയര്‍ ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ