'തരൂര്‍ മുഷറഫിനെ പോലുള്ളവരുടെ ആരാധകന്‍': കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍
natioanl news
'തരൂര്‍ മുഷറഫിനെ പോലുള്ളവരുടെ ആരാധകന്‍': കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th February 2023, 7:19 pm

ന്യൂദല്‍ഹി: അന്തരിച്ച മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അനുസ്മരിച്ച് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരിക്കല്‍ ഇന്ത്യയുടെ ശത്രു, പിന്നീട് സമാധാനായി നിലകൊണ്ടു, എന്ന തരൂരിന്റെ ട്വീറ്റിനെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.

ഒരു പാട് ജീവനുകള്‍ പൊലിയുന്നതിന് കാരണക്കാരനായിട്ടും മുഷറഫിനെ പോലുള്ളവര്‍ക്ക് ഇന്ത്യയില്‍ കടുത്ത ആരാധകര്‍ ഉണ്ടാകും എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തരൂരിന്റെ ട്വീറ്റ് പങ്കുവച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

‘സമാധാനത്തിനുള്ള ശക്തി’ ആവാനും ‘തന്ത്രപരമായ ചിന്ത’ വികസിപ്പിക്കാനും സ്വേച്ഛാധിപതിമാരായ പാക് ജനറല്‍മാര്‍ക്ക് സൈനിക അടിച്ചമര്‍ത്തല്‍ മാത്രമായിരുന്നു വഴി.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറല്‍മാര്‍ക്ക് ഇന്ത്യയില്‍ ആരാധകരുണ്ട്,’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

യു.എന്നില്‍ ഉദ്യോഗസ്ഥനായപ്പോഴുള്ള മുഷറഫുമായുള്ള ബന്ധത്തെ സൂചിപ്പിച്ചായിരുന്നു തരൂരിന്റെ ട്വീറ്റ്.

‘ഇന്ത്യയുടെ പ്രധാനശത്രുവായ മുഷറഫ് 2002-2007 കാലഘട്ടത്തില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ശക്തിയായി മാറി. ഈ സമയത്ത് യു.എന്നില്‍വെച്ച് ഓരോ വര്‍ഷവും അദ്ദേഹത്തെ കണ്ടുമുട്ടുമായിരുന്നു.

അദ്ദേഹം വളരെ ഊര്‍ജസ്വലനും തന്ത്രപ്രധാന നിലപാടുകളില്‍ വ്യക്തതയുള്ളവനുമായിരുന്നു. ആദരാഞ്ജലികള്‍,’ എന്നായിരുന്നു ശശി തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്(79) അന്തരിച്ചത്. ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.