മതിയായി! ; ബി.ജെ.പിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപേക്ഷിച്ച് കേന്ദ്രമന്ത്രി
കൊല്‍ക്കത്ത: ബി.ജെ.പിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപേക്ഷിച്ച് കേന്ദ്രമന്ത്രിയും മതുവ സമുദായത്തിലെ മുതിര്‍ന്ന നേതാവുമായ ശാന്തനു ഠാക്കൂര്‍. പാര്‍ട്ടിയുടെ എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും കേന്ദ്രമന്ത്രി ക്വിറ്റ് ചെയ്തിട്ടുണ്ട്.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഒഴിവായ കാര്യം കേന്ദ്ര ഷിപ്പിങ് മന്ത്രിയായ ഠാക്കൂര്‍ സ്ഥിരീകരിച്ചിട്ടുണ്ട്’ ഞങ്ങള്‍ക്ക് (മതുവ സമുദായം) ഈ സംഘടനകയില്‍ ഒരു പ്രധാന പങ്കുണ്ടെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം കരുതുന്നുണ്ടെന്ന് തോന്നുന്നില്ല,’ എന്നായിരുന്നു മന്ത്രി പറഞ്ഞത്.
ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ തനിക്ക് എന്തെങ്കിലും പ്രാധാന്യം അവര്‍ കല്‍പ്പിച്ചതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. അഖിലേന്ത്യ മതുവ മഹാസംഘയുടെ സംഘാതിപതി കൂടിയാണ് കേന്ദ്രമന്ത്രി കൂടിയായ ഠാക്കൂര്‍.
പുനഃസംഘടനയില്‍ ബി.ജെ.പി സംസ്ഥാന, ജില്ലാ കമ്മിറ്റികളില്‍ നിന്നും മതുവ സമുദായത്തിലെ ചില എം.എല്‍.എമാരെ ഒഴിവാക്കിയതിനെതിരെ ഠാക്കൂര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതേസമയം പാര്‍ട്ടിയോട് താന്‍ കൂറുപുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ രംഗത്തെത്തി. ശാന്തനു ഠാക്കൂറുമായുള്ള തെറ്റിദ്ധാരണ തങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം ബി.ജെ.പി പരിവാറിന്റെ ഭാഗമാണെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചത്.
എന്നാല്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി മതുവ സമുദായത്തെ ഉപയോഗിക്കുകയായിരുന്നെന്നും അവരുടെ ക്ഷേമകാര്യങ്ങളിലൊന്നും ബി.ജെ.പിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പി സുഖേന്ദു ശേഖര് റോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പി എം.എല്‍.എമാരായ മുകുത്‌മോണി അധികാരി, സുബ്രത ഠാക്കൂര്‍, അംബിക റോയ്, അശോക് കീര്‍ത്തനിയ, അസിം സര്‍ക്കാര്‍ എന്നിവരെയായിരുന്നു കഴിഞ്ഞയാഴ്ച സംസ്ഥാന പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. ഇതില്‍ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഠാക്കൂര്‍ പുറത്തുപോയത്.
പുതുതായി രൂപീകരിച്ച ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടില്ലെന്നായിരുന്നു വിഷയത്തില്‍ മുകുത്‌മോണി അധികാരി പ്രതികരിച്ചത്.
നാദിയ, നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ് തുടങ്ങിയ ജില്ലകളിലെ നാല് ലോക്സഭാ സീറ്റുകളിലും 30 മുതല്‍ 40 വരെയുള്ള നിയമസഭാ സീറ്റുകളിലും മതുവ സമുദായത്തിന് വലിയ സ്വാധീനമുണ്ട്.
നിയസഭാ തെരഞ്ഞെടുപ്പില്‍ മതുവ സമുദായത്തെ ഒപ്പം നിര്‍ത്താനായി ബി.ജെ.പിയും തൃണമൂലും ഒരുപോലെ ശ്രമിച്ചിരുന്നു. 2021 മാര്‍ച്ചില്‍ നടത്തിയ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മതുവ സമുദായത്തിന്റെ സ്ഥാപകനായ ഹരിചന്ദ് ഠാക്കൂറിന്റെ പൂര്‍വ്വിക ഗ്രാമമടക്കം മോദി സന്ദര്‍ശിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Union Minister Quits Bengal BJP’s WhatsApp Groups.