കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ശത്രുക്കള്‍, ദല്‍ഹിയില്‍ അടുത്ത മിത്രങ്ങള്‍; പ്രഹ്ലാദ് ജോഷി
Kerala News
കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ശത്രുക്കള്‍, ദല്‍ഹിയില്‍ അടുത്ത മിത്രങ്ങള്‍; പ്രഹ്ലാദ് ജോഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 4:48 pm

തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ശത്രുത അഭിനയിക്കുകയാണെന്നും ദല്‍ഹിയില്‍ അവര്‍ വളരെ അടുത്ത സൗഹൃദത്തിലാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തില്‍ പരസ്പരം പോരടിക്കുന്നു. പല സംസ്ഥാനങ്ങളിലും പല രീതിയാണ് ഇരു മുന്നണികളും പിന്തുടരുന്നത്. മമത ബാനര്‍ജി ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. എന്നാല്‍ സ്വന്തം സംസ്ഥാനമായ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനെ അടുപ്പിക്കില്ല. പല സംസ്ഥാനങ്ങളിലേയും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്’, പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഇടതുപക്ഷത്തിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ദല്‍ഹിയിലും ബംഗാളിലും എല്‍.ഡി.എഫ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും തമിഴ്‌നാട്ടിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘രാഹുലിനോട് ഒരു കാര്യം ചോദിക്കാനുണ്ട്. ജനാധിപത്യത്തിലാണോ ഹിപ്പോക്രസിയിലാണോ വിശ്വസിക്കുന്നത് എന്നാണ് എനിക്ക് രാഹുല്‍ ഗാന്ധിയോട് ചോദിക്കാനുള്ളത്’, പ്രഹ്ലാദ് പറഞ്ഞു.

ട്രാക്ടര്‍ ആക്ടര്‍ ആകാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും രാഷ്ട്രീയമെന്നാല്‍ അധികാരം നേടാനുള്ളത് മാത്രമോ, ചിലരുമായി അവിടെയും ഇവിടെയും സഖ്യം സ്ഥാപിക്കാനോ മാത്രമുള്ളതല്ലെന്നും പ്രഹ്ലാദ് പറഞ്ഞു.

അതേസമയം ശബരിമല വിഷയം കോണ്‍ഗ്രസ് വിവാദമാക്കുന്നത് വോട്ട് ലക്ഷ്യംവെച്ചാണെന്നും പ്രഹ്‌ളാദ് പറഞ്ഞു. ജനവികാരം എന്താണെന്ന് കോണ്‍ഗ്രസിനറിയില്ലെന്നും മുസ്‌ലിം മതവിഭാഗക്കാരെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് അവര്‍ ശ്രമിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Union Minister Prahlad Joshi Slams LDF and UDF Tie