പാട്‌ന: ബീഹാര്‍ എന്‍.ഡി.എയിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് രാജിവെച്ച് കേന്ദ്ര മന്ത്രി പശുപതി കുമാര്‍ പരാസ്. രാജിയ്ക്ക് പിന്നാലെ പരാസിന്റെ രാഷ്ട്രീയ ലോക് ശക്തി പാര്‍ട്ടിയെ എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമായി ബി.ജെ.പി സീറ്റ് വിഹിതം ഉറപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. പശുപതി പരാസിന്റെ അനന്തരവന്‍ കൂടിയാണ് ചിരാഗ് പാസ്വാന്‍.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി, ഞാന്‍ നന്ദിയുള്ളവനാണ്. ഞാനും എന്റെ പാര്‍ട്ടിയും സഖ്യത്തില്‍ നിന്ന് അനീതി നേരിട്ടു. അതിനാല്‍ ഞാന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നു,’ എന്ന് പരാസ് അറിയിച്ചു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ ബ്ലോക്കുമായും അല്ലെങ്കില്‍ കോണ്‍ഗ്രസ്-രാഷ്ട്രീയ ജനതാദള്‍ സഖ്യമായും പരാസ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ മണ്ഡലമായ ഹാജിപൂര്‍ സീറ്റില്‍ നിന്ന് ആര്‍.എല്‍.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പശുപതി പരാസ് പറഞ്ഞു.
ബീഹാറില്‍ 40 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക തിങ്കളാഴ്ച എന്‍.ഡി.എ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആര്‍.എല്‍.ജി.പി നേതാക്കളെ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ പരാസ് എന്‍.ഡി.എ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.
ആര്‍.എല്‍.ജെ.പി ആവശ്യങ്ങള്‍ നിരാകരിച്ച്, ബീഹാറില്‍ ബി.ജെ.പി 17 മണ്ഡലങ്ങളിലും ജെ.ഡി.യു 16 മണ്ഡലങ്ങളിലും ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
എന്‍.ഡി.എ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് മോര്‍ച്ചയും ഓരോ സീറ്റില്‍ മത്സരിക്കുമെന്ന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള വിനോദ് താവ്ഡെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: Union Minister Pashupati Kumar Paras resigned due to seat dispute in NDA