| Saturday, 8th January 2022, 9:41 am

തീവ്രഹിന്ദുത്വവാദികളുടെ വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം: ഹിന്ദു യുവവാഹിനിയെ തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിദ്വാറില്‍ നടന്ന വിദ്വേഷ സമ്മേളനങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതില്ലെന്നും, അവയെ അവജ്ഞയോടെ തള്ളിക്കളയണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരം അവസരങ്ങളില്‍ നിയമത്തെ അതിന്റെ വഴിക്ക് വിടണമെന്നും, അതില്‍ ആരും തന്നെ കൈ കടത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ അഭിപ്രായത്തില്‍ സ്വാമി വിവേകാന്ദന്‍ ചിക്കോഗോയില്‍ വെച്ച് നടന്ന സര്‍വമതസമ്മേളനത്തില്‍ പറഞ്ഞതുപോലെ, നമ്മുടെ മതം സഹിഷ്ണുതയിലും ലാളിത്യത്തിലും അടിയുറച്ച് വിശ്വസിക്കുന്നതാണ്. നമ്മുടെ രാജാക്കന്‍മാര്‍ ആരുടെയും ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടില്ല.

ലോകത്തിലെ എല്ലാവര്‍ക്കും നല്ലത് മാത്രം വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതാണ് നമ്മുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടില്‍ നിന്നും ആരാണോ വ്യതിചലിക്കുന്നത് അവരുടെ വാക്കുകളെ തള്ളിക്കളയണം’ ഗഡ്കരി പറയുന്നു.

ഇത്തരം സംഭവങ്ങളില്‍ നിയമത്തില്‍ ആരും കൈ കടത്തരുതെന്നും നിയമം അതിന്റെ രീതിയില്‍ മുന്നോട്ട് പോവണമെന്നും ഗഡ്കരി പറയുന്നു.

ബുള്ളി ഭായ് ആപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഒന്നോ രണ്ടോ ആളുകള്‍ ചെയ്തത് ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തിയായി കാണരുതെ’ന്നായിരുനിനു ഗഡ്കരിയുടെ മറുപടി.

ഹരിദ്വാറിലെ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ഇതുവരെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും അതിനുവേണ്ടി മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുമെന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തത്.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വ്യാപകപ്രതിഷേധവും ഉയര്‍ന്നിരുന്നു. ലോക ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരതിലോവയും ഇതിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു.

പ്രതിഷേധം രൂക്ഷമായതിന് പിന്നാലെയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കാനെങ്കിലും തയ്യാറായത്.

എന്നാല്‍ ചെറിയ വകുപ്പുകള്‍ മാത്രമാണ് പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊലപാതക ആഹ്വാനം മാത്രമായിരുന്നു അവര്‍ നടത്തിയതെന്നും, എന്നാല്‍ കൊലപാതകം നടക്കാത്തതിനാല്‍ ഇവര്‍ക്കെതിരെ യു.എ.പി.എ പോലുള്ള കടുത്ത നിയമങ്ങള്‍ ചുമത്താന്‍ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് പറഞ്ഞത്.

മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

ഡിസംബര്‍ 17 മുതല്‍ 20വരെ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.

സംഭവത്തിന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് നടപടി എടുത്തത്.

പരിപാടിയില്‍ വാളുകളും ത്രിശൂലങ്ങളും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അത് പരമ്പരാഗതമായ കാര്യങ്ങളാണെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആയുധങ്ങളൊന്നും വാങ്ങിയില്ലെന്നുമായിരുന്നു പൊലീസ് ഭാഷ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: Union Minister Nitin Gadkari says the recent hate speeches in Haridwar should be negated and given no importance

We use cookies to give you the best possible experience. Learn more