| Thursday, 15th December 2022, 12:56 pm

'കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേക്ക് 100 കോടി ചെലവ്'; പിണറായി വിജയനെതിരെ നിതിന്‍ ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ റോഡ് നിര്‍മാണത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഗഡ്കരി കേരളത്തിലെ സാഹചര്യത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചത്.

ഹൈവേ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25 ശതമാനം തരാമെന്ന് കേരള മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറിയെന്നും നിതിന്‍ ഗഡ്കരി കുറ്റപ്പെടുത്തി.

പാര്‍ലമെന്റിലായിരുന്നു കേന്ദ്ര മന്ത്രി ഗഡ്കരിയുടെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശം.

നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി തന്നും റോഡ് നിര്‍മാണത്തില്‍ സഹകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

പെട്രോള്‍ വില വര്‍ധനയില്‍ കേരളം ഉള്‍പ്പെടെയുള്ള പല പ്രതിപക്ഷ സംസ്ഥാനങ്ങള്‍ വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കുറ്റപ്പെടുത്തി. പ്രതിപക്ഷ എം.പിമാര്‍ വിഷയം ഉയര്‍ത്തിയപ്പോഴായിരുന്നു പ്രതികരണം.

അതേസമയം, സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയായ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെ കഴിഞ്ഞ ആഴ്ച തുറന്ന് കൊടുത്തിരുന്നു.

ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാല്‍ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതോടെയാണ് ഹൈവേ താത്കാലികമായി തുറന്നുകൊടുത്തത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി ഹൈവേ തുറന്നത്. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്നും പ്രോജക്ട് എന്‍ജിനീയര്‍ പറഞ്ഞിരുന്നു.

Content Highlight: Union Minister Nitin Gadkari against Kerala CM Pinarayi Vijayan over Road Construction in Kerala

We use cookies to give you the best possible experience. Learn more