| Friday, 26th November 2021, 4:55 pm

മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ വീഴും; അട്ടിമറി സാധ്യത വെളിപ്പെടുത്തി കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രിയിലെ ത്രികക്ഷി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന സൂചനയുമായി കേന്ദ്രമന്ത്രി നാരായണ്‍ റാണെ. അടുത്ത വര്‍ഷം മാര്‍ച്ചോട് കൂടി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ താഴെ വീഴുമെന്ന് അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘മാര്‍ച്ചില്‍ നിങ്ങള്‍ക്ക് മാറ്റം കാണാം. സര്‍ക്കാര്‍ രൂപീകരിക്കുകയോ നിലവിലെ സര്‍ക്കാര്‍ തകരുകയോ ചെയ്യാം,’ റാണെ പറഞ്ഞു.

ഉദ്ധവ് താക്കറെ അനാരോഗ്യം മൂലം ചികിത്സയിലാണെന്നും അതിനാല്‍ തങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് ചക്രകാന്ത് പാട്ടീലിന് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്നും റാണെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികനാള്‍ അതിജീവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി വിടുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് സേന വേര്‍പിരിഞ്ഞത്.

ഇതിന് പിന്നാലെ ശിവസേന, എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യം ഉണ്ടാക്കി മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 105 സീറ്റ് ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക് 56 ഉം എന്‍.സി.പിയ്ക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റാണ് ലഭിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Union minister Narayan Rane says Maharashtra government will change by March

We use cookies to give you the best possible experience. Learn more