40 വര്‍ഷം ശിവസേനക്ക് വേണ്ടി പ്രവര്‍ത്തിച്ച എന്റെ ഭര്‍ത്താവിനെ ഇങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് കരുതിയില്ല: നാരായണ്‍ റാണെയുടെ ഭാര്യ നിലം റാണെ
national news
40 വര്‍ഷം ശിവസേനക്ക് വേണ്ടി പ്രവര്‍ത്തിച്ച എന്റെ ഭര്‍ത്താവിനെ ഇങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് കരുതിയില്ല: നാരായണ്‍ റാണെയുടെ ഭാര്യ നിലം റാണെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th August 2021, 12:27 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ വിവാദപരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റിലായതില്‍ പ്രതികരിച്ച് ഭാര്യ നിലം റാണെ. ശിവസേനയുടെ സര്‍ക്കാര്‍ തന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല എന്നാണ് നിലം പ്രതികരിച്ചത്.

”40 വര്‍ഷം ശിവസേനക്ക് വേണ്ടി പ്രവര്‍ത്തിച്ച ശേഷം എന്റെ ഭര്‍ത്താവിനെതിരെ പാര്‍ട്ടി ഇത്തരത്തില്‍ നീങ്ങുമെന്ന് പ്രതീക്ഷിച്ചില്ല. ഇത്തരത്തിലാണ് അവര്‍ അവരുടെ പഴയ നേതാവിനെതിരെ പെരുമാറുന്നതെങ്കില്‍ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല,” മാധ്യമങ്ങളോട് നിലം പറഞ്ഞു.

താനില്ലാതിരുന്ന സമയത്ത് ശിവസേന പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചുവെന്നും ഇത് ഞെട്ടലുണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അടിക്കുമെന്ന് പറഞ്ഞതിനായിരുന്നു റാണെയെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം മുഖ്യമന്ത്രിക്ക് ഓര്‍മ വന്നില്ലെന്നും താന്‍ വേദിയിലുണ്ടായിരുന്നെങ്കില്‍ തല്ലിയേനെയെന്നുമായിരുന്നു റാണെയുടെ വിവാദ പരാമര്‍ശം.

തുടര്‍ന്ന് രത്‌നഗിരി എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് നാരായണ്‍ റാണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ദിവസം തന്നെ റാണെയ്ക്ക് ജാമ്യവും ലഭിച്ചിരുന്നു.

ജാമ്യം ലഭിച്ചതിന് പിന്നാലെ മഹാരാഷ്ട്ര പോലീസ് റാണെക്ക് വീണ്ടും നോട്ടീസയച്ചിരുന്നു. സെപ്റ്റംബര്‍ രണ്ടിന് ഹാജരാകാന്‍ നിര്‍ദേശിച്ച് നാസിക് പോലീസാണ് നോട്ടീസ് അയച്ചത്.

ശിവസേനാ നേതാവായിരുന്ന നാരായണ്‍ റാണെ 1999ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. 2005ല്‍ ശിവസേന വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019 ലായിരുന്നു ബി.ജെ.പിയിലേക്കുള്ള പ്രവേശനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Union minister Narayan Rane’s wife’s response on his arrest by Shivsena government