കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍
national news
കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th August 2021, 4:04 pm

മുംബൈ: കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്.

ബി.ജെ.പിയുടെ ജന്‍ ആശിര്‍വാദ് യാത്രയിലുള്ള റാണെയെ റാലിയ്ക്കിടെ തന്നെ അറസ്റ്റ് ചെയ്യാനനുള്ള ശ്രമം പൊലീസ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മുഖത്തടിക്കണമായിരുന്നു എന്നാണ് നാരായണ്‍ റാണെ പറഞ്ഞത്.

റാണെയുടെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന പരാതി നല്‍കുകയും റാണെയ്‌ക്കെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും കോടതിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍നടപടികള്‍ എടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ബി.ജെ.പി സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിലാണ് റാണെ ഉദ്ദവിനെതിരെ പരാമര്‍ശം നടത്തിയത്.

സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണംനോക്കി അടിക്കുമായിരുന്നെന്നും റാണെ പറഞ്ഞിരുന്നു.

അതേസമയം കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. റാണെയ്ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അനികേത് നികം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Union Minister Narayan Rane Arrested Over ‘Slap’ Remark on CM Uddhav Thackeray