ന്യൂദല്‍ഹി: ലണ്ടന്‍ പര്യടനത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അഖണ്ഡതക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭീഷണിയാണെന്നും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണെന്നും കിരണ്‍ റിജിജു കുറ്റപ്പെടുത്തി.
ഇന്ത്യക്കാര്‍ക്ക് രാഹുല്‍ പപ്പുവാണെന്നും വിദേശികള്‍ക്ക് ഇക്കാര്യം അറിയില്ലെന്നും പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരനാണെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. ഇന്ത്യാ വിരുദ്ധര്‍ക്കിടയില്‍ രാഹുലിന്റെ പ്രസംഗങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും രാജ്യത്തിനെതിരായ ആയുധമായി ഇത്തരം പരാമര്‍ശങ്ങള്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധി കേംബ്രിഡ്ജില്‍ നടത്തിയ പ്രസംഗം ഷെയര്‍ ചെയ്ത് കൊണ്ട് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന്‍ ഇത്തവണ തന്റെ എല്ലാ ലിമിറ്റും ക്രോസ് ചെയ്തിരിക്കുന്നു. രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും ഭീഷണിയായി മാറിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യയെ കീറി മുറിക്കാന്‍ ജനങ്ങളെ പ്രകോപിപ്പിക്കുന്ന ശ്രമങ്ങളാണ് അയാളിപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. ‘ഒരു ഭാരതം ശ്രേഷ്ഠ ഭാരതമെന്ന’ മുദ്രാവാക്യമാണ് ഇന്ത്യകണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രിമാരിലൊരാളായ നരേന്ദ്രമോദി മുന്നോട്ട് വെക്കുന്നത്.
ഇന്ത്യക്കാര്‍ക്കിടയില്‍ രാഹുല്‍ പപ്പുവാണ്. പക്ഷെ വിദേശികള്‍ക്ക് ഇക്കാര്യം അറിയില്ല. അയാളുടെ മണ്ടന്‍ വാദങ്ങള്‍ക്ക് പ്രതികരിക്കേണ്ട ആവശ്യമൊന്നുമില്ല. പക്ഷെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകള്‍ക്കിടയില്‍ രാഹുലിന്റെ പ്രസംഗങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്. രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ആയുധമാക്കി അവര്‍ ഇത്തരം പരാമര്‍ശങ്ങളെ ഉപയോഗിച്ചേക്കാം,’ കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു.
പത്ത് ദിവസത്തെ ലണ്ടന്‍ പര്യടനത്തിനിടെ കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ വലിയ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും കടന്നാക്രമിച്ച അദ്ദേഹം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കുന്ന സമീപനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.
കൂടാതെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനും പ്രതിപക്ഷ പാര്‍ട്ടികളെ നിശബ്ദമാക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും രാജ്യത്ത് വ്യാപകമാവുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ച് കൊണ്ട് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു.
Content Highlight: Union minister Kiran rijiju tweet against Rahul gandhi