കൊല്‍ക്കത്ത: നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ് ടാഗോറിനെ സംബന്ധിച്ച വംശീയ പരാമര്‍ശത്തിലൂടെ പുതിയ വിവാദത്തിന് തിരികൊളുത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സുഭാസ് സര്‍ക്കാര്‍.
‘അത്രതന്നെ വെളുത്തതല്ലാത്ത തൊലിനിറം കാരണം, കുഞ്ഞായിരുന്ന ടാഗോറിനെ അദ്ദേഹത്തിന്റെ അമ്മ കൈകളില്‍ തൊട്ടിലാട്ടുകയോ മടിയിലിരുത്തുകയോ പോലും ചെയ്തിരുന്നില്ല,” സുഭാസ് സര്‍ക്കാര്‍ പറഞ്ഞു. ടാഗോര്‍ തന്നെ ആരംഭിച്ച വിശ്വഭാരതി സര്‍വകലാശാല സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയതോടെ വാദപ്രതിവാദങ്ങള്‍ ചൂടുപിടിച്ചു. പശ്ചിമ ബംഗാളിന്റെ അഭിമാനമായ ടാഗോറിനെ അപമാനിച്ചിരിക്കുകയാണ് മന്ത്രി എന്നായിരുന്നു തൃണമൂലിന്റെ പ്രതികരണം.
എന്നാല്‍ വംശീയ പരാമര്‍ശമല്ല, മറിച്ച് വംശീയതക്കെതിരായ പരാമര്‍ശമാണ് മന്ത്രി നടത്തിയത് എന്നാണ് ബി.ജെ.പി യുടെ ന്യായീകരണം.
”രണ്ടുതരത്തിലുള്ള വെളുത്ത നിറക്കാരാണുള്ളത്. ഒന്ന് മഞ്ഞകലര്‍ന്ന വളരെ വെളുത്ത നിറമുള്ളവരും മറ്റൊന്ന് ചുവപ്പു കലര്‍ന്ന വെളുത്തവരും. ടാഗോര്‍ ഇതില്‍ രണ്ടാമത്തെ വിഭാഗമായിരുന്നു. എന്നാല്‍ ടാഗോറിന്റെ മറ്റു കുടുംബാംഗങ്ങള്‍ വളരെ വെളുത്തവരുമായിരുന്നു.’ മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. ‘ഒരു വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ഇത്,’ രവീന്ദ്ര ഭാരതി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പബിത്ര സര്‍ക്കാര്‍ പറഞ്ഞു.
”സുഭാസ് സര്‍ക്കാറിന്റെ ചരിത്രബോധമില്ലായ്മയാണിത്. ഇത്തരത്തില്‍ വംശീയത പറയുന്ന മന്ത്രിയെ ഇനി മേലില്‍ സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിച്ചു കൂടാ,” തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു.
”ബി.ജെ.പി യുടെ വംശീയവും ബംഗാള്‍ വിരുദ്ധവുമായ കാഴ്ചപ്പാടാണ് ഇതിലൂടെ വെളിപ്പെടുന്നത്” എന്നാണ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി പ്രതികരിച്ചത്.
അതേസമയം മന്ത്രിയെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി ബംഗാള്‍ നേതൃത്വവും രംഗത്തെത്തി.
”സുഭാസ് സര്‍ക്കാര്‍ ടാഗോറിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ അപമാനിച്ചിട്ടില്ല. മറിച്ച് വംശീയ വേര്‍തിരിവിനെതിരെയാണ് അദ്ദേഹം സംസാരിച്ചത്. എല്ലാം രാഷ്ട്രീയവല്‍ക്കരിക്കുന്നത് തൃണമൂല്‍ അവസാനിപ്പിക്കണം,” ബംഗാള്‍ ബി.ജെ.പി വക്താവ് ഷമിക് ഭട്ടാചാര്യ പറഞ്ഞു.