മാധ്യമപ്രവര്‍ത്തകര്‍ നിക്ഷിപ്ത താത്പര്യങ്ങളുള്ള ആക്ടിവിസ്റ്റുകളെപ്പോലെ പ്രവര്‍ത്തിക്കരുത്; സര്‍ക്കാരിന്റെ നേട്ടങ്ങളാണ് നിങ്ങള്‍ പ്രചരിപ്പിക്കേണ്ടത്: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
national news
മാധ്യമപ്രവര്‍ത്തകര്‍ നിക്ഷിപ്ത താത്പര്യങ്ങളുള്ള ആക്ടിവിസ്റ്റുകളെപ്പോലെ പ്രവര്‍ത്തിക്കരുത്; സര്‍ക്കാരിന്റെ നേട്ടങ്ങളാണ് നിങ്ങള്‍ പ്രചരിപ്പിക്കേണ്ടത്: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th March 2023, 11:24 pm

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ നിക്ഷിപ്ത താത്പര്യങ്ങളുള്ള ആക്ടിവിസ്റ്റുകളെപ്പോലെ പ്രവര്‍ത്തിക്കരുതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കേന്ദ്ര സര്‍ക്കാരിന്റെ നല്ല വശങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കുകിഴക്കന്‍ മേഖലയുടെ വികസന മാതൃകകള്‍ മാറ്റിമറിച്ച ഡോണര്‍ മോഡല്‍ വികസനം, ‘സ്റ്റാര്‍ട്ട്അപ്പ് സ്റ്റാന്‍ഡ്-അപ്പ്’ വിപ്ലവം, ഗസറ്റഡ് ഇതര അഭിമുഖങ്ങള്‍ നിര്‍ത്തലാക്കാനുള്ള ചരിത്രപരമായ തീരുമാനം തുടങ്ങിയ സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന വശം മാധ്യമങ്ങള്‍ കാണിക്കണം,’ സിങ് പറഞ്ഞു.

വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന്‍, പ്രത്യേകിച്ച് ജമ്മു കശ്മീരിലെയും നോര്‍ത്ത് ഈസ്റ്റിലെയും കാണാതായ സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് കുടുംബ പെന്‍ഷന്‍, ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ ഈ സര്‍ക്കാര്‍ വരുത്തിയ സാമൂഹിക-സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകര്‍ നിക്ഷിപ്ത നിലപാട് സ്വീകരിക്കാത്ത പക്ഷം വാര്‍ത്തകളുടെ മൂല്യം നഷ്ടപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആശയവിനിമയം നടത്തുന്നതില്‍ മോദി ലോകത്തെ തന്നെ മികച്ച വ്യക്തിയാണെന്നും സിങ് പറഞ്ഞു.

‘മോദിയുടെ കീഴില്‍ കൊവിഡ്19 ഇന്ത്യയില്‍ ഒരു മികച്ച അവസരമായി മാറി. ലോകത്തിലെ ആദ്യത്തെ ഡി.എന്‍.എ വാക്സിനും കൊറോണ വൈറസിനുള്ള നാസല്‍ വാക്സിനും രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചതുകൊണ്ട് മാത്രമല്ല, ലോകമെമ്പാടുമുള്ള വാക്‌സിന്‍ വികസന, നിര്‍മാണ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്താനും അന്ന് സാധിച്ചു.

ഒപ്പം ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കാനും ഈ നേട്ടം സഹായിച്ചു. കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്ത് നടക്കാതെ പോയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പഴയ പാതകള്‍ പൊളിച്ചൂനീക്കി പുതിയ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തെ നാളെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Union minister jitendra singh says journalist’s should not act like activists with vested interests