ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്ന കാലം അവസാനിച്ചെന്ന് കേന്ദ്രമന്ത്രി ഹര്‍സീമൃത് കൗര്‍ ബാദല്‍. പഞ്ചാബിലെ ബാട്ടിന്‍ഡയിലെ അകാലിദള്‍ സ്ഥാനാര്‍ഥികൂടിയാണ് ഹര്‍സീമൃത്.
കേന്ദ്രത്തില്‍ എന്‍.ഡി.എ മുന്നണി തന്നെ അധികാരത്തില്‍ വരുമെന്നും കഴിഞ്ഞ തവണയില്‍ നിന്ന് ഈത്തവണ എം.പിമാരുടെ എണ്ണത്തില്‍ മാറ്റം വരുമെന്നും അവര്‍ പറഞ്ഞു.
പഞ്ചാബില്‍ ശക്തമായ ചതുഷ്‌കോണ മത്സരം നടക്കുന്ന സ്ഥലമാണ് ബട്ടിന്‍ഡ. ഹര്‍സീമൃതിന് പുറമേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി രാജ വാഡിങ്ക്, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ബാല്‍ജിന്ദര്‍ കൗര്‍, വിമത എ.എ.പി നേതാവും പഞ്ചാബ് ഏകതാ പാര്‍ട്ടി നേതാവ് സുഖ് പാല്‍ സിങ്ങുമാണ് സ്ഥാനാര്‍ഥികള്‍.
അതേസമയം ഇന്ത്യയിലെ അടുത്ത സര്‍ക്കാര്‍ രൂപീകരണം വരെ തങ്ങളുടെ വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വിലക്ക് തുടരാന്‍ പാകിസ്താന്‍ തീരുമാനമായി. മെയ് 30 വരെയാണ് ഇപ്പോള്‍ വിലക്ക് നീട്ടിയിരിക്കുന്നത്.
ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനുശേഷമാണ് പാകിസ്താന്‍ വ്യോമമേഖലയ്ക്ക് ഇന്ത്യക്കു പ്രവേശനം നിഷേധിച്ചത്. ഇന്ത്യയെക്കൂടാതെ മലേഷ്യക്കും സിംഗപ്പൂരിനും പാകിസ്താന്‍ നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.