വാക്‌സിന്‍ വിതരണത്തില്‍ തുല്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതം; വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി
national news
വാക്‌സിന്‍ വിതരണത്തില്‍ തുല്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതം; വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th June 2021, 10:21 am

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിന്‍ നയത്തില്‍ തുല്യതയില്ലെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ തുല്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. രാജ്യത്തുടനീളമുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് 2021 മെയ് വരെ 1.2 കോടി ഡോസ് വാക്‌സിനുകളാണ് ലഭിച്ചത്. അത് നല്‍കിയിട്ടുള്ളത് സുതാര്യമായാണ്,’ ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തു.

വാര്‍ത്താക്കുറിപ്പും ട്വീറ്റിനൊപ്പം ഹര്‍ഷവര്‍ധന്‍ പങ്കുവെച്ചിട്ടുണ്ട്.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതവും ഊഹാപോഹവുമാണെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ വാക്‌സിന്‍ പ്രവര്‍ത്തനങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ നയം സുതര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം സമ്പൂര്‍ണ പരാജയമാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

വാക്‌സിന് വിലയീടാക്കുന്നത്, 45 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ വൈകുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിനും അതില്‍ താഴെയുള്ളവര്‍ക്ക് പണമടച്ച് വാക്‌സിനും നല്‍കാനുള്ള കേന്ദ്രത്തിന്റെ നയം പ്രഥമദൃഷ്ട്യാ, ഏകപക്ഷീയവും വിവേചനപരവുമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കുമ്പോള്‍ അതിന് താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നില്ല, ഇതിന്റെ യുക്തിയെന്താണെന്നും കോടതി ചോദിച്ചിരുന്നു.

18-44 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, ആശുപത്രി പ്രവേശനം, മരണം എന്നിവയുള്‍പ്പെടെയുള്ള അണുബാധയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളും അനുഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. പകര്‍ച്ചവ്യാധിയുടെ മാറുന്ന സ്വഭാവംമൂലം 18- 44 വയസ് പ്രായപരിധിയിലുള്ളവരേയും വാക്‌സിനേറ്റ് ചെയ്യേണ്ട സാഹചര്യമാണ്.

പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഭരണകൂട നയങ്ങള്‍ മൂലം ലംഘിക്കപ്പെടുമ്പോള്‍ കോടതികള്‍ക്ക് നിശബ്ദമായി കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Union Minister Harshvardhan explains vaccine policy of central govt.