| Wednesday, 10th January 2024, 9:02 pm

'നിങ്ങള്‍ ഇതില്‍ ഖേദിക്കും'; രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണം നിരസിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഖേദിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായ സോണിയ ഗാന്ധിയും നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉദ്ഘാടനത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം നിരസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

കോണ്‍ഗ്രസ് പാര്‍ട്ടി സോണിയ ഗാന്ധിയടക്കമുള്ള നേതാക്കളുടെ വാക്കുകളില്‍ കുടുങ്ങികിടക്കുകയാണെന്നും ഹര്‍ദീപ് സിങ് പറഞ്ഞു. അയോധ്യ വിഷയത്തില്‍ മുഴുവന്‍ നേതാക്കളുടെയും വാക്കുകള്‍ക്ക് എന്തിനാണ് ഇത്രമാത്രം ഗൗരവം കൊടുക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

ശ്രീരാമന്റെ അസ്തിത്വം നിഷേധിച്ച കോണ്‍ഗ്രസിന്റെ തീരുമാനം ആശ്ചര്യകരമല്ലെന്ന് ബി.ജെ.പി നേതാവായ നളിന്‍ കോഹ്ലിയും പറഞ്ഞു. പതിറ്റാണ്ടുകളായിട്ടും അയോധ്യ ക്ഷേത്രം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് യാതൊരു വിധത്തിലുള്ള ശ്രമവും നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നളിന്‍ കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയും ആര്‍.എസ്.എസും ക്ഷേത്രത്തെ രാഷ്ട്രീയ പദ്ധതിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണം നിരസിച്ചത്. ഉചിതമായ സമയത്ത് കൃത്യമായ നിലപാട് സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്. നിലവില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

വിഷയത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കാത്തതില്‍ ഇന്ത്യ മുന്നണിയിലും വിമര്‍ശനം ശക്തമായിരുന്നു. മുന്നണിയിലെ പ്രധാന പാര്‍ട്ടികളെല്ലാം തന്നെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍, മമതാ ബാനര്‍ജി, സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാള്‍ എന്നിവരടക്കമുള്ള നേതാക്കള്‍ നിലപാട് വ്യക്തമാക്കിയപ്പോഴും കോണ്‍ഗ്രസിന്റെ മൗനം അണികളില്‍ പോലും ഭിന്നത സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ നേതൃത്വം ഉദ്ഘാടനത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടിലേക്കെത്തിയത്.

Content Highlight: Union Minister Hardeep Singh Puri reacts to Congress’ stand on Ram Temple inauguration

We use cookies to give you the best possible experience. Learn more