|

രാഹുല്‍ ഗാന്ധി എപ്പോഴും വിദേശത്തായതിനാല്‍ അദ്ദേഹം ഹൃദയം കൊണ്ട് വിദേശിയാണ്: കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ യു.എസ് യാത്രയില്‍ പരിഹാസവുമായി കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിങ്. ഹ്യദയം കൊണ്ട് അദ്ദേഹം ഒരു വിദേശിയായതിനാലാണ് അദ്ദേഹം എപ്പോഴും വിദേശത്ത് പോവുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

സെപ്റ്റംബര്‍ എട്ടിനാണ് മൂന്ന് ദിവസത്തെ അമേരിക്കന്‍ യാത്രയ്ക്കായി രാഹുല്‍ ഗാന്ധി യു.എസില്‍ പോകുന്നത്. ലോക്‌സഭ പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ വിദേശയാത്രയാണിത്.

‘രാഹുല്‍ ഗാന്ധി ഒരു വിദേശിയാണ് അതുകൊണ്ടാണ് അദ്ദേഹം എപ്പോഴും വിദേശത്ത് പോവുന്നത്. അദ്ദേഹത്തിന് ഇന്ത്യയില്‍ നില്‍ക്കാന്‍ ഒട്ടും താത്പര്യമില്ല. ആദ്യം അയാള്‍ രാജ്യത്ത് ഒരു കോളിളക്കം സൃഷ്ടിക്കും എന്നിട്ട് വിദേശത്തേക്ക് പോകും. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പേര് ‘വിദേശി'(foreigner) എന്ന് മാറ്റിയാലും പ്രശ്‌നമില്ല.

ജമ്മു കശ്മീരില്‍ ജനാധിപത്യപരമായ ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്രയും കാലം കോണ്‍ഗ്രസും ഫാറൂഖ് അബ്ദുള്ളയും മുഫ്തികളും ചേര്‍ന്ന് വംശീയ രാഷ്ട്രീയം കളിച്ച് കശ്മീരിലെ പാവപ്പെട്ടവരെ ചൂഷണം ചെയ്തു. എന്നാല്‍ മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനസ്ഥാപിച്ചു.

ഇപ്പോഴിതാ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ പോകുന്നു,’ ഗിരിരാജ് സിങ് ബീഹാറിലെ ബെഗുസാരയിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി ദി സിയാസത്ത് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് ദിവസത്തെ സന്ദര്‍ശത്തിനായി യു.എസിലെത്തുന്ന രാഹുല്‍ ഗാന്ധി ടെക്‌സാസിലെ ഡാലെസ്, വാഷിങ്ടണ്‍ ഡി.സി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, ബിസിനസ് ലീഡേഴ്‌സ്, ഇന്ത്യന്‍ വിദേശികള്‍ എന്നിവരുമായി സംസാരിക്കും.

അതേസമയം ബീഹാറിലെ തന്റെ സിറ്റിങ് മണ്ഡലമായ ബെഗുസറായിയില്‍ സംഘടിപ്പിച്ച ജനതാ ദര്‍ബാറില്‍ വെച്ച് കേന്ദ്രമന്ത്രിക്കെതിരെ കയ്യേറ്റം ഉണ്ടായി. 71 കാരനായ മന്ത്രി പരിപാടി കഴിഞ്ഞ് മടങ്ങവെ ജനക്കൂട്ടത്തില്‍ നിന്നുള്ള ഒരാള്‍ മന്ത്രിയുടെയുടെ മൈക്രോഫോണ്‍ പിടിച്ചെടുത്ത് തല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് മന്ത്രിയെ രക്ഷിക്കുകയായിരുന്നു.

Content Highlight: Union Minister Giriraj Singh Says  Rahul Gandhi is foriegner by heart