ഹിന്ദുക്കളുടെ പേരിൽ മുസ്‌ലിങ്ങൾ കട തുറക്കരുത്; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
NATIONALNEWS
ഹിന്ദുക്കളുടെ പേരിൽ മുസ്‌ലിങ്ങൾ കട തുറക്കരുത്; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th July 2024, 9:48 am

ന്യൂഡൽഹി: മുസ്‌ലിങ്ങൾ ഹിന്ദുക്കളെന്ന വ്യാജേന കടതുറക്കരുതെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ഗിരിരാജ് സിങ്. ഇത്തരത്തിൽ കടകൾക്ക് പേരിടുന്നവർക്കെതിരെ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ വിവാദ പരാമർശം.

ഉത്സവകാലങ്ങളിൽ മുസ്‌ലിങ്ങൾ ഹിന്ദുക്കളുടെ പേരിൽ കടതുറക്കരുതെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സിങ് പറഞ്ഞു.

‘രാജ്യത്തുടനീളം വാരാണസിയായാലും അയോധ്യയിലായാലും മറ്റ് പ്രദേശങ്ങളിലായാലും മുസ്‌ലിം വിഭാഗം ഹിന്ദുക്കളെ പോലെ നടിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്നുണ്ട്. പ്രത്യകിച്ച് സാവാൻ ആഘോഷവേളകളിൽ. അവർ കയ്യിൽ ഹിന്ദുക്കളെ പോലെ ചരടുകൾ കെട്ടുകയും ചെയ്യുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഞാൻ ഭരണകൂടത്തോട് അപേക്ഷിക്കുകയാണ്. ഹിന്ദുക്കളുടെ മതപരമായ ആഘോഷ ചടങ്ങുകളിലോ ഉത്സവങ്ങൾ നടക്കുന്നിടങ്ങളിലോ കച്ചവടം ചെയ്യുന്നത് മുസ്‌ലിം വിഭാഗം നിർത്തണം,’ സിങ് പറഞ്ഞു.

ഈ പ്രസ്താവന നാണക്കേടാണെന്നും ജാതി കാർഡ് ജനം തള്ളിയെന്ന വസ്തുത ബി.ജെ.പി ഇനിയും മനസിലാക്കേണ്ടതുണ്ടെന്നും കോൺഗ്രസ് പറഞ്ഞു.

സമാജ്‌വാദി പാർട്ടിയും ഗിരിരാജ് സിങിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുമ്പും വിദ്വേഷ പ്രസ്താവനകളുടെ പേരിൽ കുപ്രസിദ്ധി നേടിയ ആളാണ് ഗിരിരാജ് സിങ്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തനിക്ക് മുസ്‌ലിങ്ങൾ വോട്ട് ചെയ്തില്ലെന്ന സിങിന്റെ പരാമർശം വിവാദമായിരുന്നു. ബീഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്.

ഏപ്രിൽ 19 ന് ബെഗുസരായയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് അദ്ദേഹത്തിനെതിരെ സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്കിരുന്നു.

നേരത്തെ മഹാത്മാ ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗോഡ്‌സെയെ പുകഴ്ത്തിയതിന് കോൺഗ്രസും അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

 

Content Highlight: union minister giriraj singh’s statement about Muslim community