| Friday, 26th April 2019, 8:32 am

മുസ്‌ലിം വിരുദ്ധപരാമര്‍ശം; പെരുമാറ്റച്ചട്ടലംഘനത്തിന് ഗിരിരാജ് സിംഗിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രിയും ബെഗുസാരായ് ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഗിരിരാജ് സിംഗിനെതിരെ ജില്ലാ ഭരണകൂടം കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിനാണ് ഗിരിരാജ് സിംഗിനെതിരെ കേസെടുത്തത്.

‘വന്ദേ മാതരം’ എന്ന് പറയാത്തവര്‍ക്കും മാതൃരാജ്യത്തെ ബഹുമാനിക്കാത്തവര്‍ക്കും രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല. എന്റെ പൂര്‍വികരുടെ സംസ്‌കാരം സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് മണ്ണ് വേണം. പലരും ഇവിടെ വര്‍ഗീയത പ്രസരിപ്പിക്കാന്‍ നോക്കുന്നുണ്ട്. ബിഹാറില്‍ ഞങ്ങളത് അനുവദിക്കില്ല എന്നായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസ്താവന.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു ഗിരിരാജ് സിംഗിന്റെ പരാമര്‍ശം. തനിക്ക് ‘വന്ദേ മാതരം’ പറയാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസന്‍ അടുത്തിടെ പറഞ്ഞിരുന്നു.

ഗിരിരാജ് സിംഗും സി.പി.ഐയിലെ കനയ്യ കുമാറും തന്‍വീര്‍ ഹസനും തമ്മിലുള്ള ത്രികോണ പോരാട്ടമാണ് ബെഗുസാരായില്‍ നടക്കുന്നത്.

നേരത്തെ രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെ പച്ച നിറമുള്ള കൊടി ഉപയോഗിക്കാന്‍ അനുവദിക്കരുത് എന്ന ഗിരിരാജ് സിംഗിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more