കൈലാസ് യാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമായി രാഹുല്‍ ഗാന്ധി; ഫോട്ടോഷോപ്പാണെന്ന് ബി.ജെ.പി
Social Tracker
കൈലാസ് യാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമായി രാഹുല്‍ ഗാന്ധി; ഫോട്ടോഷോപ്പാണെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th September 2018, 8:07 pm

ന്യൂദല്‍ഹി: കൈലാസ് മാനസരോവര്‍ യാത്രയിലെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മറ്റ് യാത്രക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും കൈലാസത്തിന്റെ മഞ്ഞ് മൂടിയ ദൃശ്യങ്ങളുമാണ് പങ്കുവെച്ചത്. ജീന്‍സും ജാക്കറ്റും സണ്‍ ഗ്ലാസും സ്‌നാപ് ബാക്ക് തൊപ്പിയും ആണ് രാഹുല്‍ ധരിച്ചിട്ടുള്ളത്. കൂടാതെ ഊന്നുവടിയും കൈവശമുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ട ചിത്രങ്ങള്‍ ഫോട്ടോഷോപ്പാണെന്ന വാദവുമായി ബി.ജെ.പി രംഗത്തെത്തി. കേന്ദ്രമന്ത്രി ഗിരിരാജ് സിങാണ് ഇത് വ്യാജമെന്നു പറഞ്ഞ് ആദ്യം രംഗത്തെത്തിയത്. ഒരു ചിത്രത്തില്‍ രാഹുലിന്റെ ഊന്നുവടിക്ക് നിഴലില്ലെന്നാണ് മന്ത്രിയുടെ കണ്ടുപിടുത്തം. അത് ബി.ജെ.പി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുപിടിച്ചിട്ടുണ്ട്.


Read Also : സ്വവര്‍ഗരതി നിയമവിധേയമാക്കിയ കോടതി വിധി സംസ്‌കൃതിയെ ചോദ്യം ചെയ്യുന്നത്; മനുസ്മൃതിയെ ഉദ്ദരിച്ച് ആലികുട്ടി മുസ്‌ലിയാര്‍


 

12 ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആഗസ്റ്റ് 31ന് രാഹുല്‍ കൈലാസ് മാനസരോവറിലേക്ക് ചൈന വഴി യാത്ര പുറപ്പെട്ടത്. ഗുജറാത്തില്‍ നിന്നുള്ള 20 അംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ രണ്ട് കമാന്‍ഡോകളും രാഹുലിനൊപ്പമുണ്ട്.

ഇതുവരെ യാത്രയുടെ 60 കിലോമീറ്റര്‍ ദൂരം കാല്‍നടയായാണ് രാഹുല്‍ പിന്നിട്ടത്. യാത്ര പുറപ്പെട്ട ശേഷം ഓരോ ദിവസവും ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രക്ഷാസ് താല്‍ തടാകത്തിന്റെ ഉള്‍പ്പെടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു.

അതിനിടെ, രാഹുല്‍ ഗാന്ധിയുടെ ഫിസിക്കല്‍ ഫിറ്റ്‌നസ് വിവരങ്ങള്‍ (ഫിറ്റ്ബിറ്റ് റെക്കോഡ്) കോണ്‍ഗ്രസ് പുറത്തുവിട്ടു. 463 മിനിറ്റിനുള്ളില്‍ രാഹുല്‍ 46,433 ചുവടുകള്‍ വെച്ചതായും ഇതുവഴി ഒരു ദിവസം 4466 കലോറി എരിച്ചു കളഞ്ഞതായും ചൂണ്ടിക്കാട്ടുന്നു.