രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി നിര്‍ബന്ധിത വന്ധ്യംകരണം വേണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍
Daily News
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി നിര്‍ബന്ധിത വന്ധ്യംകരണം വേണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th December 2016, 8:13 pm

കള്ളപ്പണത്തിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിപോലെ ജനസംഖ്യാ നിയന്ത്രണത്തിന് വന്ധ്യംകരണം സാധ്യമാക്കുന്ന ശക്തമായ നിയമം വേണമെന്ന് കഴിഞ്ഞ ദിവസം തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം പറഞ്ഞത്.


ന്യൂദല്‍ഹി: ജനസംഖ്യ നിയന്ത്രിക്കുന്നതിനായി രാജ്യത്ത് നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിയമം ഉണ്ടാക്കണമെന്ന കേന്ദ്ര ചെറുകിട വ്യവസായമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന വിവാദമാകുന്നു.

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യം നിര്‍ബന്ധിത വന്ധ്യംകരണമാണ്. കള്ളപ്പണത്തിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിപോലെ ജനസംഖ്യാ നിയന്ത്രണത്തിന് വന്ധ്യംകരണം സാധ്യമാക്കുന്ന ശക്തമായ നിയമം വേണമെന്ന് കഴിഞ്ഞ ദിവസം തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം പറഞ്ഞത്.

ഓസ്‌ട്രേലിയയുടെ ജനസംഖ്യ വര്‍ദ്ധിക്കുന്ന നിരക്കിലാണ് ഇന്ത്യയുടെ ജനസംഖ്യ വര്‍ദ്ധിക്കുന്നത്. ജനസംഖ്യാ വിസ്‌ഫോടനമാണ് ഇന്ത്യ നേരിടുന്നത്. ഇത് അടിയന്തരമായി നിയന്ത്രിക്കേണ്ടതുണ്ട്. ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി രാജ്യത്തിന്റെ വികസനത്തിന് വന്ധ്യംകരണനിയമം ആവശ്യമാണെന്നും ഗിരിരാജ് സിങ് പറഞ്ഞിരുന്നു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നയമാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.


ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന സര്‍ക്കാരിന്റെ നയമാണോ എന്ന് വ്യക്തമാക്കണം. അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ വാക്കുകളെന്നും യെച്ചൂരി പറഞ്ഞു. മന്ത്രിമാരുടെ ഇത്തരം പ്രസ്താവനകള്‍ പ്രധാനമന്ത്രി വിലക്കണമെന്ന് ജെ.ഡി.യുവും ആവശ്യപ്പെട്ടു.

സംഭവം വിവാദമായ പശ്ചാത്തലത്തില്‍, ഗിരിരാജ് സിങ്ങിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ജനസംഖ്യാനിയന്ത്രണത്തിന് ബോധവല്‍ക്കരമാണ് സര്‍ക്കാര്‍ നയമെന്നും ബി.ജെ.പി വ്യക്തമാക്കി.


നേരത്തേ, രാജ്യത്ത് ഹിന്ദു ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയും വിവാദമായിരുന്നു. എട്ടോളം സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞ് കൊണ്ടിരിക്കുകയാണ് അതിനാല്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്നുമായിരുന്നു ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന.