ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പഞ്ചാബിനെ ഭിന്നിപ്പിച്ചതെന്നും, ഇന്ദിരാ ഗാന്ധിയാ സിഖ് വംശജരെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് സുവര്‍ണക്ഷേത്രം ആക്രമിച്ച് ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നതെന്നും കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബദല്‍. പാകിസ്ഥാനിലെ സിഖ് ആരാധനാ കേന്ദ്രത്തെ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പുര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് പാകിസ്ഥാനുമായി നാളെ ചര്‍ച്ച നടക്കാനിരിക്കേയാണ് കൗറിന്റെ പ്രസ്താവന.
“ഇന്ദിരാ ഗാന്ധി സുവര്‍ണക്ഷേത്രം അക്രമിച്ച് ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നു. അതിന് ശേഷം വന്ന രാജീവ് ഗാന്ധി തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ലക്ഷക്കണക്കിന് സിഖുകാരെ കൊന്നൊടുക്കി. ഇപ്പോഴാണെങ്കില്‍ രാഹുല്‍ ഗാന്ധി പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു”- മന്ത്രി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
പഞ്ചാബ് ഭിന്നിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് കാരണം നെഹ്‌റുവാണെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തി തീര്‍ച്ചയായും രണ്ട് കിലോമീറ്റര്‍ മാറി നിശ്ചയിക്കാമായിരുന്നു. നെഹ്‌റു പഞ്ചാബിനെ ഭിന്നിപ്പിച്ചതിനു ശേഷം, സിഖുകളെ അടിച്ചമര്‍ത്താനും, അവരെ തെറ്റായി ചിത്രീകരിക്കാനും ഇന്ദിരാ ഗാന്ധി സുവര്‍ണക്ഷേത്രം അക്രമിച്ചു. കൗര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
രാജ്യത്തെ സിഖുകളോട് നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്നും കൗര്‍ ആഹ്വാനം ചെയ്തു. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ നീതി ലഭിക്കുകയാണെന്നും കര്‍ത്താര്‍പുര്‍ സാഹബ് ഇടനാഴി അതിനുള്ള ഉദാഹരണമാണെന്നും അവര്‍ പറഞ്ഞു.
പാകിസ്ഥാനുമായുള്ള ബന്ധം വഷളായിരിക്കുകയാണെങ്കിലും കര്‍താര്‍പുര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി ഇന്ത്യ മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തുന്നത് ഇന്ത്യയിലെ സിഖ് വിശ്വാസികളുടെ വികാരം മാനിച്ചു കൊണ്ടാണെന്നും, പാകിസ്ഥാനുമായുള്ള നയതന്ത്ര ചര്‍ച്ചയായി ഇതിനെ കാണേണ്ടതില്ലെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു,
പുല്‍വാമ ഭീകരാക്രമണത്തിന്റെയും തുടര്‍ന്ന് ബാലാകോട്ടില്‍ നടത്തിയ തിരിച്ചടിയുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തീരുമാനം നിര്‍ണായകമായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള നിരവധി സിഖ് തീര്‍ത്ഥാടകരുടെ ആവശ്യമാണ് കര്‍താര്‍പൂര്‍ ഇടനാഴിയുടെ പൂര്‍ത്തീകരണം.
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നും പാകിസ്ഥാനിലെ പ്രശസ്തമായ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പാത പണിയണമെന്ന് സിഖ് വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഗുരുനാനാക്ക് 18 വര്‍ഷത്തോളം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന സ്ഥലമാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാര.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രം കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടരക്കോടിയോളം വരുന്ന സിഖുമതവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര.