ന്യൂദല്‍ഹി: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതില്‍ നിന്നും ‘ഭാരത്’ എന്ന് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. സെപ്റ്റംബറില്‍ ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് മാറ്റി ‘ഭാരത്’ എന്ന് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്, എന്നാല്‍ ‘ഭാരത്’ എന്ന പേരിനെ എതിര്‍ക്കുന്നവരുടെ മനസിലിരിപ്പ് എന്താണെന്ന് വ്യക്തമാണ്,’ മന്ത്രി പറഞ്ഞു.
ഇന്ത്യ എന്ന പേര് ഉപേക്ഷിച്ചിട്ടില്ലെന്നും ജി20 ഉച്ചകോടി ബ്രാന്‍ഡില്‍ ഇന്ത്യയും ഭാരതവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതം എന്ന പേരിനെ എതിര്‍ക്കുന്നവരുടെ മനസിലിരിപ്പ് എന്താണെന്ന് വ്യക്തമാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
‘ഞാന്‍ ഭാരത് സര്‍ക്കാറിലെ മന്ത്രിയാണ്. ജി20-2023 ബ്രാന്‍ഡ് ലോഗോയില്‍ ഭാരതവും ഇന്ത്യയും ഉണ്ടാവും. ഇതില്‍ പുതുതായി ഒന്നുമില്ല. ഭാരത് എന്ന പേരിനോട് എന്താണിത്ര എതിര്‍പ്പ്. എതിര്‍ക്കുന്നവരുടെ മനസിലിരിപ്പ് എന്താണെന്ന് വ്യക്തമാണ്. അവര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഭാരതത്തെ വിമര്‍ശിക്കുന്നു. ഇന്ത്യയിലായാരിക്കുമ്പോള്‍ ഭാരത് എന്ന പേരിനെ എതിര്‍ക്കുന്നു.
ഇന്ത്യ എന്ന വാക്ക് ആരും ഉപേക്ഷിച്ചിട്ടില്ല. ജി20 ബ്രാന്‍ഡിങ് പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യ 2023യും ഭാരതും കാണാനാവും. ഭാരത് എന്ന് കൂടി എഴുതുന്നതില്‍ ഇത്ര സംശയവും എതിര്‍പ്പും എന്തിനാണ്. കഴിഞ്ഞ ഒരു വര്‍ഷമായുള്ള മാറ്റമാണിത്,’ അനുരാഗ് താക്കൂര്‍ പറഞ്ഞു.
ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമായെന്നും ഇന്ത്യയുടെ പേര് മാറ്റാന്‍ കേന്ദ്രം പുതിയ പ്രമേയം കൊണ്ടുവന്നേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
സെപ്റ്റംബര്‍ 9,10 തിയ്യതിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന് ഡെലിഗേറ്റുകള്‍ക്ക് രാഷ്ട്രപതി ഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ ‘ഇന്ത്യയുടെ രാഷ്ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ രാഷ്ട്രപതി’ എന്നാണ് എഴുതിയത്.
Content Highlight: Union Minister Anurag Thakur said that the reports of changing India to ‘Bharat’ are just rumours