| Wednesday, 27th March 2024, 4:53 pm

ബീഹാര്‍ റാബ്രിയെ പോലെ സുനിത കെജ്‌രിവാൾ ദല്‍ഹി മുഖ്യമന്ത്രി കസേര തട്ടിയെടുക്കും: കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പങ്കാളി സുനിതക്കെതിരെ അധിക്ഷേപവുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. വര്‍ഷങ്ങള്‍ക്ക്മുമ്പ് ബീഹാറില്‍ റാബ്രി ദേവി മുഖ്യമന്ത്രി കസേര കീഴടക്കിയതുപോലെ സുനിത കെജ്‌രിവാൾ ദല്‍ഹി മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ജയിലില്‍ നിന്നുള്ള കെജ്‌രിവാളിന്റെ സന്ദേശം സുനിത മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

ആര്‍.ജെ.ഡിയുടെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവ്, കാലിത്തീറ്റ കുംഭകോണത്തില്‍ കുടുങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ പങ്കാളിയായ റാബ്രി ദേവി ശക്തമായ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയുരുന്നു. തുടര്‍ന്ന് റാബ്രി ബീഹാറിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു. മൂന്ന് തവണ റാബ്രി മുഖ്യമന്ത്രിയായി തുടരുകയുമുണ്ടായി.

സുനിത കെജ്‌രിവാള്‍ താത്കാലികമായി ദല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് അനുരാഗ് താക്കൂറിന്റെ പരാമര്‍ശം.

‘അരവിന്ദ് കെജ്‌രിവാള്‍ ധാര്‍മികതയെ കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ അദ്ദേഹം നിരാഹാര സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കെജ്‌രിവാള്‍ അഴിമതിയുടെ ചതുപ്പിലാണ്.

ആംആദ്മി പാര്‍ട്ടിയുടെ എം.പിയും ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും എം.എല്‍.സിയും നിലവില്‍ ജയിലിലാണ്. അതേസമയം ഇപ്പോള്‍ അവരുടെ മുഖ്യമന്ത്രിയും മദ്യ കുംഭകോണത്തിന്റെ രാജാവും ജയിലിലായിരുന്നു,’ അനുരാഗ് താക്കൂര്‍ പറഞ്ഞു.

മദ്യനയ കേസില്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയ അഴിമതി പണം എവിടെയാണെന്നും സത്യാവസ്ഥ നാളെ കോടതിയില്‍ അറിയിക്കുമെന്നുമായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം. കേസില്‍ പലതവണ റെയ്ഡ് നടത്തിയിട്ടും പണം കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിന്റെ സത്യാവസ്ഥ കെജ്‌രിവാള്‍ കോടതിയെ അറിയിക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ സുനിത വ്യക്തമാക്കി.

Content Highlight: Union Minister Anurag Thakur hurled insults at Arvind Kejriwal’s wife Sunita

We use cookies to give you the best possible experience. Learn more