പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിതനായതിന് പിന്നാലെ നടന്‍ ആര്‍. മാധവന് അഭിനന്ദനങ്ങളുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. മാധവന്റെ അനുഭവ സമ്പത്തും എത്തിക്‌സും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അനുരാഗ് താക്കൂര്‍ എക്‌സില്‍ കുറിച്ചു.
‘പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനുമായി തെരഞ്ഞെടുക്കപ്പെട്ട മാധവന് ആശംസകള്‍. നിങ്ങളുടെ വിശാലമായ അനുഭവ സമ്പത്തും മൂല്യബോധവും ഈ സ്ഥാപനത്തെ സമ്പന്നമാക്കുമെന്നും പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സ്ഥാപനത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. എല്ലാവിധം ആശംസകളും നേരുന്നു’, അനുരാഗ് താക്കൂര്‍ കുറിച്ചു.
അനുരാഗ് താക്കൂറിന്റെ ആശംസകള്‍ക്ക് നന്ദി പറഞ്ഞ മാധവന്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്നും മറുപടി നല്‍കി.
മാധവന്‍ തന്നെ സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ച റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചത്.
ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത് മാധവന്‍ തന്നെയായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരുന്നത്. നമ്പി നാരായണനെ അവതരിപ്പിക്കാനായി ചിത്രത്തില്‍ പല പ്രായത്തിലുള്ള മേക്കോവറുകള്‍ മാധവന്‍ നടത്തിയിരുന്നു.
Thank you so very much for the honor and kind wishes @ianuragthakur Ji. I will do my very best to live up to all the expectations. 🙏🙏 https://t.co/OHCKDS9cqt
1996 ല്‍ പുറത്തെത്തിയ ഇസ് രാത് കി സുബാ നഹീ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെയാണ് മാധവന്‍ സിനിമയിലേക്ക് എത്തിയത്. മൂന്ന് പതിറ്റാണ്ടിലേക്ക് അടുക്കുന്ന കരിയറില്‍ ഹിന്ദിയും തമിഴും കൂടാതെ ഇംഗ്ലീഷ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Content Highlight: Union Minister Anurag Thakur congratulates Madhavan after being appointed as Chairman of Pune Film Institute