ന്യൂദല്‍ഹി: ജനുവരി 22നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കേണ്ടത്. യാത്രക്ക് കശ്മീരില്‍ അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി കഴിഞ്ഞ തിങ്കളാഴ്ച കെ.സി. വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനിടയില്‍ യാത്ര കശ്മീരില്‍ പ്രവേശിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. കശ്മീരിലെ അന്തരീക്ഷം മോശമാക്കാനാണോ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മോദി സര്‍ക്കാരിന് കീഴില്‍ ജമ്മുകശ്മീരിലെ സ്ഥിതി വലിയ രീതിയില്‍ മെച്ചപ്പെട്ടുവെന്നും അത് തകര്‍ക്കാനാണോ രാഹുല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു വര്‍ഷത്തിനുള്ളില്‍ 1.6 കോടി വിനോദസഞ്ചാരികള്‍ ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ചതായി കണക്കുകള്‍ പറയുന്നു. ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് ജമ്മു കാശ്മീരിന്റെ എല്ലാ കോണുകളും സന്ദര്‍ശിക്കാം.
ജമ്മുകശ്മീരിലെ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ നരേന്ദ്ര മോദി സര്‍ക്കാര്‍ അവസാനിപ്പിച്ചതുകൊണ്ടാണ് ഈ അവസ്ഥയുണ്ടായത്. ഈ അന്തരീക്ഷം നശിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി അവിടെ പോകണോ?,’ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. യാത്ര അടുത്ത മാസം കശ്മീരില്‍ സമാപിക്കുന്ന തരത്തിലാണ് ഷെഡ്യൂള്‍.
അതേസമയം, ഭാരത് ജോഡോ യാത്രയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. യാത്ര ദല്‍ഹിയിലെത്തിയപ്പോള്‍ പലതവണ സുരക്ഷാ വീഴ്ചയുണ്ടായതായി കത്തില്‍ പറയുന്നു.
ദല്‍ഹി പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു എന്നും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും വേണുഗോപാല്‍ കത്തില്‍ കുറ്റപ്പെടുത്തി.
Content Highlight: Union Minister Anurag Thakur against Rahul Gandi’s bharat jodo yatra