| Sunday, 19th March 2023, 8:51 am

പിണറായിക്ക് ഭരിക്കാനുള്ള ആര്‍ത്തി; അഴിമതി നടത്താന്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും തമ്മില്‍ മത്സരം: അനുരാഗ് താക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതിയാരോപണമുന്നയിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍. സ്വര്‍ണക്കടത്ത് കേസിലടക്കം മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നിട്ടും ഭരണത്തിലിരിക്കാനുള്ള ആര്‍ത്തിയാണ് പിണറായി വിജയനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ബി.ജെ.പി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അടിമുടി അഴിമതി നിറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും സ്വന്തം നേട്ടങ്ങള്‍ക്കായി മുഖ്യമന്ത്രി പദം പിണറായി വിജയന്‍ ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിയുടെ കാര്യത്തില്‍ സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്നും ആരാണ് കൂടുതല്‍ അഴിമതിക്കാരെന്ന് കാണിക്കാനായി പരസ്പരം മത്സരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

‘മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലടക്കം അഴിമതി ആരോപണം നേരിട്ടിട്ടും ഭരണത്തിലിരിക്കാനുള്ള ആര്‍ത്തിയാണ് പിണറായിക്കുള്ളത്. അധികാരത്തെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ദുരൂഹതയുണര്‍ത്തുന്നതാണ്.

സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം പിന്നെ പറയണോ? അഴിമതിയുടെ കാര്യത്തില്‍ കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫും ഒരേ തൂവല്‍ പക്ഷികളാണ്. രണ്ട് കൂട്ടരിലും ആരാണ് കൂടുതല്‍ അഴിമതി നടത്തുക എന്ന കാര്യത്തില്‍ മത്സരം തന്നെ നടക്കുന്നുണ്ട്,’ താക്കൂര്‍ പറഞ്ഞു.

തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം കേരള സര്‍ക്കാരിനാണെന്ന് പറഞ്ഞ അദ്ദേഹം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് കരാര്‍ നല്‍കിയ എല്‍.ഡി.എഫിന്റെ നടപടിയില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

‘കൊച്ചി കോര്‍പ്പറേഷന് മുകളില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി പല സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ ആരാണ് ടെന്‍ഡര്‍ നല്‍കിയത്, ആര്‍ക്കാണ് നല്‍കിയത്. ടെന്‍ഡര്‍ എടുത്ത കമ്പനിക്ക് കേരളം ഭരിക്കുന്ന പാര്‍ട്ടിക്കാരോട് എന്തെങ്കിലും ബന്ധമുണ്ടോ, ഉണ്ടെങ്കില്‍ അവര്‍ക്ക് ടെന്‍ഡര്‍ അനുവദിച്ചതിലും അന്വേഷണം നടക്കേണ്ടതുണ്ട്. സി.പി.ഐ.എം ഗവണ്‍മെന്റ് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ചങ്കൂറ്റം കാണിക്കണം,’അനുരാഗ് താക്കൂര്‍ പറഞ്ഞു.

Content Highlight: union minister anurag takhur slams pinarayi vijayan

We use cookies to give you the best possible experience. Learn more