| Thursday, 31st January 2019, 9:09 am

അച്ഛന്‍ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയുമായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാവും; അനന്തകുമാര്‍ ഹെഗ്ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സ്വന്തം മതത്തെക്കുറിച്ച് ഒരു സൂചനയുമില്ലെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ. അച്ഛന്‍ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയുമാകുമ്പോള്‍ മകന്‍ എങ്ങനെയാണ് ബ്രാഹ്മണനാവുകയെന്നും അനന്തകുമാര്‍ ഹെഗ്ഡെ ചോദിച്ചു.

ഇതുപോലത്തെ സങ്കരയിനം കോണ്‍ഗ്രസിലല്ലാതെ ലോകത്തെവിടെയും കാണാനാകില്ലെന്നും ഇന്ത്യയെക്കുറിച്ചോ മതത്തെക്കുറിച്ചോ രാഹുല്‍ ഗാന്ധിക്ക് യാതൊന്നും അറിയാത്തതിനാലാണ് അദ്ദേഹം പൂണൂലിട്ട് നടക്കുന്നതെന്നും ഹെഗ്‌ഡെ പറഞ്ഞു.

രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിക്കുന്നതിനെ എതിര്‍ത്ത് നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തു വന്നിരുന്നു.

Read Also : കോണ്‍ഗ്രസിലേക്ക് വരണമെന്ന് നിരവധി ബി.ജെ.പി നേതാക്കള്‍ എന്നോട് നേരിട്ട് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്; രാഹുല്‍ ഗാന്ധി

നിരന്തരം വിവാദ പ്രസ്താവന നടത്തി വാര്‍ത്തയില്‍ ഇടം പിടിക്കുന്ന ഹെഗ്‌ഡെയ്‌ക്കെതിരെ കഴിഞ്ഞ ദിവസം രാഹുല്‍ രംഗത്തെത്തിയിരുന്നു. വിവാദപരാമര്‍ശങ്ങള്‍മാത്രം നടത്തുന്ന ബി.ജെ.പി. നേതാവ് ഇന്ത്യക്കാര്‍ക്ക് ശല്യമാണെന്നും കേന്ദ്രമന്ത്രിയായിരിക്കാന്‍ യോഗ്യനല്ലെന്നുമായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്.

ഭരണഘടന തിരുത്തും, ഹിന്ദു സ്ത്രീയെ തൊടുന്ന അന്യമതക്കാരന്റെ കൈവെട്ടണം, താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നു തുടങ്ങി അടുത്ത കാലത്തായി നിരവധി വിവാദ പ്രസ്താവനകളാണ് ഹെഗ്‌ഡേ നടത്തിയത്.

മുസ്‌ലീം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളാണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു എന്ന് ഹെഗ്‌ഡെ പറഞ്ഞത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ഗാന്ധിക്കെതിരേയും വിവാദപരാമര്‍ശവുമായി ഹെഗ്ഡെ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more