ന്യൂദൽഹി: ഇന്ത്യൻ പീനൽ കോഡ്, സി.ആർ.പി.സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം മൂന്ന് പുതിയ ബില്ലുകൾ പാർലമെൻ്റ് പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ ഐ.പി.എസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ നിയമങ്ങളെല്ലാം ഒഴിവാക്കുകയാണെന്നും പകരം പുതിയ നിയമങ്ങൾ ഉണ്ടാക്കി പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അമിത് ഷാ പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
ഇതിനായി മൂന്ന് പുതിയ ബില്ലുകൾ ആഭ്യന്തര പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി പരിശോധിച്ചു വരികയാണെന്നും അവ ഉടനടി പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷാ സ്റ്റാൻഡിങ് കമ്മിറ്റിക്ക് അയച്ച മൂന്നു ബില്ലുകൾ നിയമമായാൽ 1860 ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി),1898 ലെ ക്രിമിനൽ നടപടി ചട്ടവും(സി.ആർ.പി. സി)1872 ലെ ഇന്ത്യൻ തെളിവ് നിയമവും ഇല്ലാതാവും.
പകരം യഥാക്രമം ഭാരതീയ ന്യായസംഹിത(ബി. എൻ.എസ്), ഭാരതീയ സാക്ഷ്യ (ബി.എസ്), ഭാരതീയനാഗരിക്ക് സുരക്ഷാസംഹിത( ബി. എൻ. എസ് .എസ്) നിയമങ്ങൾ വരും.
നിലവിലെ വകുപ്പുകൾ അടിമുടി മാറും. ഉദാഹരണത്തിന്, നിലവിൽ ഐ.പി.സി 302 കൊലക്കുറ്റം ആണെങ്കിൽ ബി.എൻ.എസിൽ 302 പിടിച്ചുപറിയാണ്. കൊലക്കുറ്റം 99-മത്തെ വകുപ്പാണ്.
പ്രായപൂർത്തിയാവാത്ത കുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ വരെ ലഭിക്കാം. അതേസമയം നിസ്സാര കുറ്റകൃത്യങ്ങൾക്ക് ആദ്യമായി സാമൂഹിക സേവനം ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നു.
ഐ.പി.സി 124 എ വകുപ്പിൽ ‘ഇന്ത്യയിലെ സർക്കാർ’ എന്ന് പറയുമ്പോൾ ബി. എൻ.എസി ലെ 150 വകുപ്പിൽ ഇത് ‘ഇന്ത്യ’യാണ് ,സർക്കാർ അല്ല.
വിഘടന പ്രവർത്തനങ്ങൾ, സായുധ കലാപം, അട്ടിമറി പ്രവർത്തനങ്ങൾ തുടങ്ങിയവ കൂടി ഇതിനു കീഴിൽ ഉൾപ്പെടുത്തുന്നുണ്ട്.
യു .എ .പി .എ (സംഘടിത കുറ്റകൃത്യം തടയൽ നിയമം), മോക്ക(മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയൽ നിയമം) തുടങ്ങിയവ നിലനിൽക്കും.
Content Highlight: Union minister Amit shah on IPC,CRPC, Indian penal code