ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ട്, എത്രയും വേഗം പരിഹരിക്കണം; യോഗി ആദിത്യനാഥിനെതിരെ കേന്ദ്രമന്ത്രി
national news
ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ട്, എത്രയും വേഗം പരിഹരിക്കണം; യോഗി ആദിത്യനാഥിനെതിരെ കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th May 2021, 9:03 am

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാടെടുത്ത് കേന്ദ്രമന്ത്രി സന്തോഷ് ഗംഗാവര്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എം.പിയായ ഗംഗാവര്‍ തന്റെ മണ്ഡലത്തില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും വെന്റിലേറ്ററുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുകയാണെന്നും കാണിച്ച് ആദിത്യനാഥിന് കത്തയച്ചു.

നേരത്തെ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ഇതിന് വിപരീതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് അറിയിച്ച ആശുപത്രിയ്‌ക്കെതിരെ നടപടിയുമുണ്ടായിരുന്നു. അതേസമയം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിക്കുന്നതിന്റെ വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ഈ എല്ലാ വാര്‍ത്തകളെയും ആദിത്യനാഥ് പൂര്‍ണ്ണമായും നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആദിത്യനാഥിന്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രി രംഗത്തുവന്നിരിക്കുന്നത്. ബറേലിയിലെ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ പൂഴ്ത്തിവെച്ച് മറിച്ചു വില്‍ക്കുകയാണെന്നും പറഞ്ഞ സന്തോഷ് ഗംഗാവര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും കുറ്റപ്പെടുത്തി.

ബറേലിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും കൊവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ നല്‍കാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കണമെന്നും ഗംഗാവര്‍ ആവശ്യപ്പെട്ടു. കത്തില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും വന്ന പരാതികളും നിര്‍ദേശങ്ങളുമാണെന്നും അത് മുഖ്യമന്ത്രിയ്ക്ക് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ ക്ഷാമം വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും എന്നാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നത് ഒരിക്കലും സംഭവിക്കരുതെന്നും മന്ത്രി പറഞ്ഞു. ആദിത്യനാഥിനയച്ച കത്തിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

24 മണിക്കൂറിനുള്ളില്‍ 736 കൊവിഡ് കേസുകളാണ് ബറേലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ബറേലിയില്‍ മാത്രം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6000 കടന്നു.

നേരത്തെ യു.പിയില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും രോഗബാധിതരായ എല്ലാവര്‍ക്കും ഓക്‌സിജന്‍ ആവശ്യമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

‘മുഖ്യമന്ത്രി, ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ അടിയന്തരാവസ്ഥയുണ്ട്. നിങ്ങള്‍ക്ക് എന്റെ സ്വത്ത് കണ്ടുകെട്ടുകയോ എന്റേ മേല്‍ നടപടിയെടുക്കുകയോ ചെയ്യാം. എന്നാല്‍ ദൈവത്തെയോര്‍ത്ത്, ഈ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം,’ എന്നായിരുന്നു പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Union Minister against UP Chief Minister Yogi Adityanath, says there is oxygen shortage in UP