|

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി.ജെ.പിയില്‍ കല്ലുകടി; കര്‍ഷക സമരം ബാധിച്ചെന്നും ഇല്ലെന്നും നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചാബ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വിക്ക് കൃത്യമായ ഉത്തരം നല്‍കാനാവാതെ ബി.ജെ.പി. കര്‍ഷക പ്രതിഷേധം പരാജയത്തിന് കാരണമായില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ഉള്‍പ്പെടെ പറയുമ്പോഴും കാര്‍ഷിക സമരം പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

കര്‍ഷക പ്രതിഷേധം തീര്‍ച്ചയായും പഞ്ചാബ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയെന്നാണ് കേന്ദ്ര കാബിനറ്റ് മന്ത്രി സോം പ്രകാശ് പറഞ്ഞതെന്ന് ദ ട്രൈബൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, കര്‍ഷക സമരമാണ് പഞ്ചാബ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണ് എന്നാണ് തോമര്‍ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അമ്പത് വോട്ടുപോലും തികയ്ക്കാതെയാണ് റാഹോണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്.

റാഹോണിലെ 13 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് ഏഴും, ശിരോമണി അകാലിദളിന് നാലും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്ക് 2 ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഈ വാര്‍ഡുകളില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് അമ്പത് വോട്ടു പോലും തികയ്ക്കാനായില്ല.

റാഹോണില്‍ പാരാജയം ഭയന്ന് ബി.ജെ.പിയുടെ പല സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരായി മത്സരിച്ചിരുന്നു. 53 വര്‍ഷത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസിന് ബതിന്ദ ഭരിക്കാനാകുമെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Union Minister admits stir behind BJP rout in Punjab