| Saturday, 24th February 2024, 10:41 pm

മോദി ഫാസിസ്റ്റ് ആണോ? വിയോജിപ്പിനെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് തന്നെയെന്ന് ജെമിനി; ഗൂഗിളിന് നോട്ടീസയച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് സെര്‍ച്ച് എന്‍ജിന്‍ ആയ ജെമിനിക്കെതിരെ നോട്ടീസ് അയച്ച് കേന്ദ്ര ഐ.ടി മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാസിസ്റ്റ് ആണെന്ന് പറഞ്ഞുകൊണ്ടുള്ള വിവരങ്ങള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ജെമിനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.

ഫാസിസ്റ്റുകളുടെ ചില സ്വഭാവ സവിശേഷതകള്‍ നരേന്ദ്ര മോദിക്കുണ്ടെന്നും അത്തരം ആശയങ്ങള്‍ക്ക് സമാനമായ നയങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അവയുടെ അടിസ്ഥാനത്തില്‍ മോദിയെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്നതാണെന്ന് ഗൂഗിള്‍ എ.ഐ പറഞ്ഞു.

വിയോജിപ്പിനെതിരെയുള്ള അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള എതിര്‍ നയങ്ങള്‍, കടുത്ത ദേശീയതയും ഹിന്ദു സ്വത്വത്തിന് ഊന്നലും, ബലപ്രയോഗം തുടങ്ങിയവയാണ് മോദി നടപ്പിലാക്കിയ ഫാസിസ്റ്റ് ആശയങ്ങളെന്നാണ് ജെമിനി പ്രതികരിച്ചത്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ ജെമിനിയോട് ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഈ പരാമര്‍ശം. ഉത്തരം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തന്റെ എക്സില്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് ജെമിനിയുടെ ഉത്തരം ചര്‍ച്ചയാവുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ എക്സില്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് മറുപടിയായി കേന്ദ്ര മന്ത്രി ചന്ദ്രശേഖര്‍ രംഗത്തെത്തുകയും ചെയ്തു. ഇന്ത്യന്‍ ഐ.ടി ആക്ടിലെ ഇന്റര്‍മീഡിയറി റെഗുലേഷന്‍സിന്റെ റൂള്‍ 3 (1) (ബി) ഉദ്ധരിച്ചുകൊണ്ട് ജെമിനിയുടെ പ്രതികരണം നിയമങ്ങളുടെ ലംഘനമാണെന്ന് മന്ത്രി പറഞ്ഞു.

ആദ്യമായല്ല ഗൂഗിളിന്റെ എ.ഐ പക്ഷപാതപരവും നിയമവിരുദ്ധവുമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുമുമ്പും മോദിക്കെതിരെ തെറ്റായ പ്രതികരണങ്ങള്‍ ഗൂഗിള്‍ എ.ഐ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ജെമിനി കൃത്യമായ പ്രതികരണങ്ങള്‍ നല്‍കുന്നില്ലെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Union IT Ministry issues notice against Gemini, Google’s artificial intelligence search engine

We use cookies to give you the best possible experience. Learn more