ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ആറ് മാസം കൂടി സാവകാശം അനുവദിച്ചു. രാജ്യസഭാ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതിയുടെതാണ് നടപടി.
ഇത് ഏഴാം തവണയാണ് പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്രം അധിക സമയം ആവശ്യപ്പെടുന്നത്.
എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന് ലോക്‌സഭാ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതിയുടെ അനുമതി ലഭിച്ചിട്ടില്ല. ലോക്‌സഭാ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതി ഈ അപേക്ഷ അടുത്ത ദിവസമാണ് പരിഗണിക്കുക.
2019 ഡിസംബര്‍ 11നാണ് പാര്‍ലമെന്റിലെ ഇരുസഭകളും പൗരത്വ ബില്‍ പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
ഇതിനെത്തുടര്‍ന്ന് പൗരത്വ ഭേദഗതി രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും ഭരണഘടനാ വിരുദ്ധവും മുസ്‌ലിം വിരുദ്ധ നീക്കവുമാണെന്ന് ചൂണ്ടികാട്ടി രാജ്യവ്യാപകമായി നിരവധി പ്രതിഷേധങ്ങളാണ് നടന്നത്.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുള്ളത്.
എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങള്‍ രൂപീകരിക്കാതെ കേന്ദ്ര സര്‍ക്കാരിന് നിയമം നടപ്പാക്കാന്‍ കഴിയില്ല. നിയമനിര്‍മാണം എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളായി കണക്കാക്കാവുന്നവയാണ് ചട്ടങ്ങള്‍.
പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു ആക്ട് പ്രാബല്യത്തില്‍ വന്നാല്‍ ആറ് മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കണം. എന്നാല്‍, പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ അവ പരസ്യപ്പെടുത്തിയിട്ടില്ല.
കൊവിഡ് പകര്‍ച്ചവ്യാധി കാരണമാണ് ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് കാലതാമസമുണ്ടായതെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നത്. എന്നാല്‍ കൊവിഡിന് ശേഷവും ഇത് അനന്തമായി നീളുകയാണ്.
നിലവില്‍, 1955ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തിയാണ് പൗരത്വം നിയന്ത്രിക്കപ്പെടുന്നത്.
അഞ്ച് വര്‍ഷത്തിനിടെ 4884 വിദേശ പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. 2020നെ അപേക്ഷിച്ച് 2021ല്‍ മൂന്നിരട്ടിയോളം വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതായുമാണ് സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചത്.
2017ല്‍ 817, 2018ല്‍ 628, 2019ല്‍ 987, 2020ല്‍ 639, 2021ല്‍ 1,773 എന്നിങ്ങനെയാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ച വിദേശികളുടെ കണക്കുകള്‍.