കേരള ഗവർണർക്ക് കേന്ദ്രത്തിന്റെ Z പ്ലസ് സുരക്ഷ; സി.ആർ.പി.എഫ് കമാൻഡോകൾക്ക് പുറമെ 55 സുരക്ഷാ ഉദ്യോഗസ്ഥരും
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രതിഷേധങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവിനെ തുടര്‍ന്ന് ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജന്‍സിയായ സി.ആര്‍.പി.എഫിന് കൈമാറുമെന്നാണ് വ്യക്തമാകുന്നത്. ഈ വിവരങ്ങള്‍ മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.
എസ്.പി.ജിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. എന്നാല്‍ ഗവര്‍ണര്‍ക്കുള്ള സുരക്ഷാ സംവിധാനത്തില്‍ സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ക്കൊപ്പം 55 സുരക്ഷാ ഉദ്യോഗസ്ഥരും കൂടി ഉള്‍പ്പെടുന്നതാണ്.
കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. 2022 വരെ 45 പേര്‍ക്കാണ് ഇന്ത്യയില്‍ Z പ്ലസ് നല്‍കപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ഈ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അത്യാവശ്യ സാഹചര്യങ്ങളില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍.എസ്.ജി) കമാന്‍ഡോകളുടെ അധിക പരിരക്ഷയും നല്‍കുന്നതാണ്. സുരക്ഷാ സംവിധാനത്തില്‍ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്‌കോര്‍ട്ടും ഉള്‍പ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം കേന്ദ്ര സേനയെ ഇറക്കിയാലും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ സെക്രട്ടറി പി.എം. ആര്‍ഷൊ വ്യക്തമാക്കി. പൊറാട്ടുനാടകമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ഗവര്‍ണര്‍ കാറിന് പുറത്തിറങ്ങിയതെന്നും ഗവര്‍ണറുടേത് അധികാര ദുര്‍വിനിയോഗമാണെന്നും പി.എം. ആര്‍ഷൊ പറഞ്ഞു.
Content Highlight: Union Home Ministry has provided Z Plus security to Kerala Governor