| Friday, 30th April 2021, 9:56 am

പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ അടച്ചിടണം; നിയന്ത്രണങ്ങള്‍ മെയ് 31 വരെ നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി പടരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ മെയ് 31 വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

ഏപ്രില്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു നേരത്തേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൊവിഡ് അതിതീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമുള്ള, ആശുപത്രി കിടക്കകള്‍ 60 ശതമാനത്തിലധികം ഉപയോഗിക്കേണ്ടിവന്നിട്ടുള്ള പ്രദേശങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് മെയ് 31 വരെ തുടരാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.

2005 ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇത് ഉള്‍പ്പെടുത്തി കൊണ്ടാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.

മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തിങ്കളാഴ്ച കത്തയച്ചിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോഴത്തെ നിര്‍ദേശം.

അതേസമയം നേരത്തെ കേന്ദ്രം നിര്‍ദേശിച്ച 150 ജില്ലകളിലേക്കുള്ള ലോക്ക്ഡൗണ്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. പകരം കടുത്ത നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക എന്നും സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

രാത്രികാല കര്‍ഫ്യൂ, രോഗവ്യാപനമുള്ള പ്രദേശത്തെ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളാക്കി മാറ്റുക എന്നീ കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

നേരത്തെ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചത്.

കേരളത്തില്‍ 14 ജില്ലകളില്‍ 12 ജില്ലകളിലും 15 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ കണക്കുപ്രകാരമാണെങ്കില്‍ കേന്ദ്രം തയ്യാറാക്കിയ 150 ജില്ലകളുടെ പട്ടികയില്‍ കേരളത്തിലെ 12 ജില്ലകളും ഉള്‍പ്പെടും.

കൊല്ലത്തും പത്തനംതിട്ടയിലും മാത്രമാണ് 15 ശതമാനത്തില്‍ കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. കൊല്ലം ജില്ലയില്‍ 14.64 ശതമാനവും പത്തനംതിട്ടയില്‍ 8.63 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

മറ്റു ജില്ലകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ 17.23, പത്തനംതിട്ട 8.63, കോട്ടയം 30.81, ആലപ്പുഴ 21.94, എറണാകുളം 24.54, ഇടുക്കി 20.14, തൃശൂര്‍ 25.88, പാലക്കാട് 25.8, മലപ്പുറം 27.8, കോഴിക്കോട് 26.66, വയനാട് 24, കണ്ണൂര്‍ 23.58, കാസര്‍ഗോഡ് 25.5 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 150 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ട് വെച്ചത്. എന്നാല്‍ സംസ്ഥാനങ്ങളോട് വിശദമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം ഉണ്ടാവുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

അതേസമയം വാരാന്ത്യ നിയന്ത്രണത്തിന് പുറമെ മെയ് 4 ചൊവ്വാഴ്ച്ച മുതല്‍ മെയ് 9 ഞായറാഴ്ച്ചവരെ കേരളത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.

നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡമുണ്ടാകും. അതിന്റെ വിശദാംശങ്ങള്‍ ഉടനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. . ചില കാര്യങ്ങളില്‍ ദുരന്തനിവാരണ നിയമം അവശ്യമാണ്. അവിടങ്ങളില്‍ അത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Union Home Ministry Covid 19 Guideline

Latest Stories

We use cookies to give you the best possible experience. Learn more