തൃശൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനുമായ അമിത് ഷാ ഇന്ന് കേരളത്തില്‍. ഞായറാഴ്ച ഉച്ചയോടെ നെടുമ്പാശേരിയിലെത്തുന്ന ഷാ 1.30ന് ഹെലികോപ്റ്റര്‍ മാര്‍ഗം തൃശൂരിലെത്തും. വൈകീട്ട് 4.30ന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ബി.ജെ.പി പൊതുയോഗത്തില്‍ അമിത് ഷാ പ്രസംഗിക്കും.
2024ലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മുന്നോടിയായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ഷായുടെ കേരള സന്ദര്‍ശനത്തിനായി തൃശൂര്‍ ജില്ലയെ തെരഞ്ഞെടുത്തതില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് വിലയിരുത്തല്‍.
പൊതുതെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് ബി.ജെ.പി ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് നേടിയ സുരേഷ് ഗോപിയെ തന്നെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് ബി.ജെ.പി നീക്കം. തേക്കിന്‍കാട് മൈതാനിയിലെ പൊതുയോഗത്തില്‍ സുരേഷ് ഗോപിയും പങ്കെടുക്കുന്നുണ്ട്.
അടുത്ത ഒരു വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരേഖ കേരളത്തിലെ നേതാക്കന്മാരുടെ മുന്നില്‍ അമിത് ഷാ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് അമിത് ഷാ ശക്തന്‍ തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നും മൂന്ന് മണിക്ക് ജോയ്‌സ് പാലസ് ഹോട്ടലില്‍ നടക്കുന്ന പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തില്‍ പങ്കെടുക്കുമെന്നും, 3.45ന് വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നും ബി.ജെ.പി അറിയിച്ചു.
സുരേഷ് ഗോപിയെ കൂടാതെ കേരളത്തിന്റെ ചുമതലയുള്ള ദേശീയ വക്താവ് പ്രകാശ് ജാവദേക്കര്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ എന്നിവരും തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പൊതുയോഗത്തല്‍ പ്രസംഗിക്കും.
Content Highlight: Union Home Minister and former BJP National President Amit Shah is in Kerala today