സ്പീക്കറുടെ ചെയറിന് മുകളില്‍ ചെങ്കോല്‍; പുതിയ പാര്‍ലമെന്റില്‍ ഇന്ത്യയുടെ പരമാധികാരം ഉറപ്പിക്കുന്ന കൂടുതല്‍ ചിഹ്നങ്ങള്‍ ഉണ്ടാകും: അമിത് ഷാ
national news
സ്പീക്കറുടെ ചെയറിന് മുകളില്‍ ചെങ്കോല്‍; പുതിയ പാര്‍ലമെന്റില്‍ ഇന്ത്യയുടെ പരമാധികാരം ഉറപ്പിക്കുന്ന കൂടുതല്‍ ചിഹ്നങ്ങള്‍ ഉണ്ടാകും: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th May 2023, 1:08 pm

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്‌സഭാ സ്പീക്കറുടെ ചെയറിന് സമീപം ചെങ്കോല്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഇന്ത്യയുടെ പരമ്പരാഗത അധികാര കൈമാറ്റത്തിന്റെ സ്മരണയ്ക്കാണ് ചെങ്കോല്‍
സ്ഥാപിക്കുന്നതെന്നും, ഈ ചെങ്കോല്‍ ബ്രിട്ടിഷുകാരില്‍ നിന്ന് ഇന്ത്യന്‍ നേതാക്കള്‍ക്ക് അധികാരം കൈമാറുന്നതിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് കൈമാറിയതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

മന്ദിരത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിക്കുമെന്നും പുതിയ മന്ദിരം മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി തന്നെ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ഷാ പറഞ്ഞു.

‘ഇന്ത്യക്ക് പുതിയ പാര്‍ലമെന്റ് മന്ദിരം വരികയാണ്. ആ മന്ദിരം പൂര്‍ത്തിയാക്കാന്‍ 40,000 പേര്‍ ജോലിയെടുത്തു. ഇതില്‍ എല്ലാവരെയും പ്രധാനമന്ത്രി ആദരിക്കും. മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ അത് ഇന്ത്യയുടെ പരമാധികാരം വീണ്ടെടുക്കല്‍ കൂടിയാണ്.

നിലവിലുള്ള മന്ദിരം ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ്. ഇപ്പോള്‍ ഇന്ത്യ പുതിയ മന്ദിരം പണിതിരിക്കുന്നു. നമ്മള്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് പുതിയ കാലത്തേക്ക് മാറുകയാണ്. ഇന്ത്യയുടെ പരമാധികാരം ഉറപ്പിക്കുന്ന കൂടുതല്‍ ചിഹ്നങ്ങള്‍ മന്ദിരത്തില്‍ ഉണ്ടാകും,’ അമിത് ഷാ പറഞ്ഞു.

അതേസമയം, രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതില്‍ പ്രതിഷേധിച്ച് ഒറ്റക്കെട്ടായി ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു.

കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, എന്‍.സി.പി, ആര്‍.ജെ.ഡി, എ.എ.പി, ജെ.ഡി.യു, ഡി.എം.കെ, എസ്.പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെ.എം.എം, എന്‍.സി, ആര്‍.എല്‍.ഡി, ആര്‍.എസ്.പി, വി.സി.കെ, എം.ഡി.എം.കെ എന്നീ 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി.