തൊട്ടടുത്ത് കേരളമാണ്, സുരക്ഷിത ഭരണത്തിന് ബി.ജെ.പിക്ക് വോട്ട് ചെയ്യൂ: കര്‍ണാടകയോട് അമിത് ഷാ
India
തൊട്ടടുത്ത് കേരളമാണ്, സുരക്ഷിത ഭരണത്തിന് ബി.ജെ.പിക്ക് വോട്ട് ചെയ്യൂ: കര്‍ണാടകയോട് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th February 2023, 7:26 pm

ബെംഗളൂരു: കേരളം സുരക്ഷിതമായ സംസ്ഥാനമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ പുത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പി പ്രവര്‍ത്തകരേയും ജനങ്ങളേയും അഭിസംബോധന ചെയത് സംസാരിക്കവേയാണ് കേരളത്തെ അധിക്ഷേപിച്ച് അമിത് ഷാ സംസാരിച്ചത്.

‘നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതല്‍ ഒന്നും ഞാന്‍ പറയേണ്ടല്ലോ. മോദിയുടെ നേതൃത്വത്തില്‍, ഒരു ബി.ജെ.പി. സംസ്ഥാന സര്‍ക്കാരിന് മാത്രമേ കര്‍ണാടകത്തെ സുരക്ഷിതമാക്കി നിലനിര്‍ത്താനാകൂ,’ അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് എക്കാലത്തും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിച്ചുവെന്നും 1700 പോപ്പുലര്‍ ഫ്രണ്ടുകാരെ വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിന് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് പോലെയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 3500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

ഗാന്ധി കുടുംബത്തിനായി കര്‍ണാടകയെ കോണ്‍ഗ്രസ് പാര്‍ട്ടി ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷ്യനായി (ATM ) ആയി ഉപയോഗിച്ചെന്നും അമിത് ഷാ പറഞ്ഞു.

‘കര്‍ണാടകയില്‍ ആരാണ് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കേണ്ടത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശ സ്‌നേഹികളുടെ പാര്‍ട്ടിയായ ബി.ജെ.പിയോ അതോ ഗാന്ധി കുടുംബത്തിനായി കര്‍ണാടകയെ ഒരു ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷ്യനായി ഉപയോഗിച്ച കോണ്‍ഗ്രസോ? ടിപ്പുവില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസിനും ജെ.ഡി.എസിനും വോട്ട് ചെയ്യണോ റാണി അക്കബയില്‍ വിശ്വസിക്കുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യണോ?

കോണ്‍ഗ്രസും ജെ.ഡി.എസും കര്‍ണാടകക്ക് ഗുണമുള്ള ഒന്നും ചെയ്യില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം കര്‍ണാടക സമൃദ്ധിയിലായിട്ടുണ്ട്,’ അമിത് ഷാ പറഞ്ഞു.

Content Highlight: Union Home Minister Amit Shah said that Kerala is not a safe state