അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ്; കേരളത്തില്‍ അക്കൗണ്ട് തുറക്കും: അമിത് ഷാ
national news
അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ്; കേരളത്തില്‍ അക്കൗണ്ട് തുറക്കും: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2024, 4:16 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ അകൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ബി.ജെ.പിയുടെ നയത്തിന്റെ ഉദ്ദേശം തെരഞ്ഞെടുപ്പുകളെ ഒരുമിച്ചാക്കുക എന്നതുമാത്രമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തുകയില്ലെന്ന തീരുമാനത്തിലാണ് പ്രതിപക്ഷമെന്നും കേന്ദ്ര മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എന്‍.ഡി.എ സഖ്യം 400 സീറ്റ് കടക്കും. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ പറഞ്ഞു. ഒഡിഷയില്‍ പതിനാറോ അല്ലെങ്കില്‍ അതിനുമുകളിലോ സീറ്റുകള്‍ നേടും. ബീഹാറില്‍ 2019ന് സമാനമായ സീറ്റ് നിലയായിരിക്കും. തെലങ്കാനയില്‍ 10-12, ആന്ധ്രാപ്രദേശില്‍ 17-18 എന്നിങ്ങനെ ആയിരിക്കും സീറ്റ് നിലയെന്നും അമിത് ഷാ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് പ്രധാനപ്പെട്ട ഒരു പരിഷ്‌കാരമാണ്. ഉത്തരാഖണ്ഡില്‍ ഇതിനോടകം യു.സി.സി നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്ത് ഉടനീളമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം പിടിച്ചെടുത്ത് മുസ്‌ലിങ്ങൾക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന മോദിയുടെ വാദവും അമിത് ഷാ ആവര്‍ത്തിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള മേല്‍ക്കോയ്മ ബി.ജെ.പിക്ക് പാര്‍ലമെന്റിലുണ്ട്. എന്നാല്‍ തങ്ങള്‍ അതിന് മുതിര്‍ന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. സംവരണ നയങ്ങള്‍ നടപ്പിലാക്കുന്നതിനായി എന്‍.ഡി.എ സര്‍ക്കാര്‍ ഒരിക്കലും ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഷാ പറയുകയുണ്ടായി.

അയോധ്യയിലെ രാമക്ഷേത്രം വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നാണ്, അത് ഒരിക്കലും തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നും കേന്ദ്ര മന്ത്രി അഭിമുഖത്തിനിടെ ആരോപിച്ചു.

Content Highlight: Amit Shah said that BJP will open an account in Kerala during the Lok Sabha elections