| Sunday, 26th May 2024, 6:56 pm

മതം പറഞ്ഞ് പ്രചരണം നടത്തിയിട്ടില്ല; എന്നാല്‍ ഇനിയും മുസ്‌ലിം സംവരണത്തെ കുറിച്ച് സംസാരിക്കും: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മതം പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാല്‍ മുസ്‌ലിം മതസംവരണം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, ഏകീകൃത സിവില്‍ കോഡ് എന്നിവ പ്രചരണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ഇനിയും തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കുമെന്നും ഷാ പറയുകയുണ്ടായി.

ബി.ജെ.പിയും താനും മതത്തെ മുന്‍നിര്‍ത്തി വോട്ട് ചോദിച്ചിട്ടില്ല. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളും തങ്ങള്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് നടത്തിയതെന്നും അമിത് ഷാ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ ഷാ നിഷേധിക്കുകയുമുണ്ടായി.

‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തീര്‍ച്ചയായും 400 സീറ്റുകള്‍ കടക്കും. ഒഡീഷ, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും,’ അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റമുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു. ജൂണ്‍ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ ജനവിധിയായിരിക്കും ഉണ്ടാകുകയെന്നും ഷാ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പരാജയം മറച്ചുവെക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യത്ത് നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടക്കേണ്ട ആവശ്യകത ഉള്ളതുകൊണ്ട് തന്നെ മോദി സര്‍ക്കാര്‍ അടുത്ത ടേമില്‍ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്.

സഖ്യകഷികളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തൊട്ടാകെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Content Highlight: Union Home Minister Amit Shah said that B.J.P election campaign was not done on the basis of religion

We use cookies to give you the best possible experience. Learn more