ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍.ടി.ആറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ കെ. രാജഗോപാല്‍ റെഡ്ഡി രാജിവെച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്ന നല്‍ഗൊണ്ട ജില്ലയിലെ മുനുഗോഡിലെ പരിപാടിയില്‍ പങ്കെടുക്കാനായാണ് അമിത് ഷാ തെലങ്കാനയിലെത്തിയത്.
ബി.ജെ.പി മിഷന്‍ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബി.ജെ.പി നേതാക്കള്‍ വിശദീകരിക്കുന്നത്. ഷംഷാബാദ് നൊവാടെല്‍ ഹോട്ടലിലാണ് കൂടിക്കാഴ്ച നടത്തിയത്.
ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായിരുന്ന എന്‍.ടി.ആറിന്റെ പേരമകനാണ് ജൂനിയര്‍ എന്‍.ടി.ആര്‍. എന്‍.ടി.ആര്‍ സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി 2009-ലെ പൊതുതെരഞ്ഞെടുപ്പില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ പ്രചാരണം നടത്തിയിരുന്നു.
അതിനുശേഷം ഇത്ര വര്‍ഷമായി രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിച്ചാണ് ജൂനിയര്‍ എന്‍.ടി.ആര്‍ നിന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ പിതാവ് നന്ദമുറി ഹരികൃഷ്ണ ടി.ഡി.പിയുടെ രാജ്യസഭാ അംഗമായിരുന്നു. പിതൃസഹോദരനും തെലുങ്ക് സൂപ്പര്‍ സ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ നിലവില്‍ ഹിന്ദ്പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ടി.ഡി.പി എം.എല്‍.എയാണ്.
അതേസമയം, ഇന്ന് ഹൈദരാബാദില്‍ അമിത് ഷായുടെ റോഡ് ഷോ നടന്നിരുന്നു. തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു. ടി.ആര്‍.എസിനെ തെലങ്കാനയില്‍ നിന്നും പിഴുതെറിയുമെന്നും ഷാ പറഞ്ഞു.
CONTENT HIGHLIGHTS: Union Home Minister Amit Shah met with Telugu actor Jr. NTR