ഇടതുപക്ഷ തീവ്രവാദത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം ഇല്ലാതാക്കും: അമിത് ഷാ
national news
ഇടതുപക്ഷ തീവ്രവാദത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം ഇല്ലാതാക്കും: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2023, 8:09 pm

 

ന്യൂദല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇടതുപക്ഷ തീവ്രവാദത്തെ ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇടതുപക്ഷ ഭീകരരുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

‘നക്‌സലുകള്‍ തങ്ങളുടെ താവളം പുതിയ പ്രദേശങ്ങളിലേക്ക് മാറുന്നില്ലെന്ന് ഉറപ്പാക്കണം. 2019 മുതല്‍ നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലെ സുരക്ഷാ മേഖലകള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.

2022ലും 2023ലും ഇടതുപക്ഷ തീവ്രവാദത്തിനെതിരെ കാര്യമായ വിജയം കൈവരിക്കാനായി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്മ്യൂണിസ്റ്റ് ഭീകരത തുടച്ചുനീക്കും. ഈ പോരാട്ടം ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണ്,’ അമിത് ഷാ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര അഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, എല്ലാ കേന്ദ്ര സായുധ പൊലീസ് സേനകളുടെയും തലവന്മാര്‍, കേന്ദ്ര ഇന്റലിജന്‍സ്, അന്വേഷണ ഏജന്‍സികളുടെ തലവന്മാര്‍, ബിഹാര്‍, ഒഡീഷ, മഹാരാഷ്ട്ര, തെലങ്കാന, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്.

Content Highlight: Union Home Minister Amit Shah has said that India will eliminate left-wing extremism in the next two years