| Saturday, 16th March 2024, 9:27 pm

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അമിത് ഷാ; ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് കിട്ടിയത് 6,000 കോടിയെന്ന് ഷാ, 8,252 കോടി രൂപയെന്ന് ഡാറ്റകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ലഭിച്ചത് 6,000 കോടി രൂപ മാത്രമാണെന്നായിരുന്നു ഷായുടെ വാദം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബോണ്ടുകള്‍ മുഖേന ബി.ജെ.പിക്ക് കിട്ടിയത് 8,252 കോടി രൂപയാണ്.

ഇന്ത്യ ടുഡേ നടത്തിയ മാധ്യമ കോണ്‍ക്ലേവില്‍ ആയിരുന്നു കേന്ദ്രമന്ത്രിയുടെ അവകാശവാദം. 2018 മാര്‍ച്ചിനും 2024 ജനുവരിക്കും ഇടയിലായി 16,492 കോടി രൂപയുടെ ബോണ്ടുകള്‍ റിഡീം ചെയ്തതായി എസ്.ബി.ഐയുടെ ഡാറ്റ വ്യക്തമാക്കുന്നു.

ഈ 16,492 കോടിയില്‍ 8,252 കോടി രൂപ കൈപ്പറ്റിയിട്ടുള്ളത് ബി.ജെ.പിയാണ്. അതായത് ബോണ്ടുകള്‍ വഴി എസ്.ബി.ഐ ശേഖരിച്ച പണത്തിന്റെ പകുതിയും ബി.ജെ.പിയുടെ കയ്യില്ലെന്ന് വ്യക്തം.

2018നും 2023നും ഇടയില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി 1,245 കോടി രൂപ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന് ലഭിച്ച തുകയുടെ ഒമ്പത് മടങ്ങാണ്.

ആദായനികുതി വകുപ്പിന്റെയും ഇ.ഡിയുടെയും നിരീക്ഷണത്തിന് കീഴില്‍ നിരവധി സ്ഥാപനങ്ങള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഷാ തയ്യാറായില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രീം കോടതിയുടെ വിധിക്കെതിരെ അമിത് ഷാ ആദ്യമായി പ്രതികരണം നടത്തി. പദ്ധതി പൂര്‍ണമായും റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്നായിരുന്നു ഷായുടെ പ്രതികരണം

അതിനിടെ, ഇലക്ടറല്‍ ബോണ്ടില്‍ എസ്.ബി.ഐ വെളിപ്പെടുത്തിയ വിവരങ്ങള്‍ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വീണ്ടും നോട്ടീസ് അയച്ചു. മുഴുവന്‍ വിവരങ്ങളും മാര്‍ച്ച് 12നകം ലഭ്യമാക്കണമെന്ന് ഉത്തരവില്‍ വ്യക്തമായി പറഞ്ഞതാണല്ലോ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ രേഖകള്‍ തിരികെ നല്‍കാമെന്നും മാര്‍ച്ച് 17നകം മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

Content Highlight: Union Home Minister Amit Shah has misled people on the Electoral Bond issue

We use cookies to give you the best possible experience. Learn more