മമതയുടെ മൂക്കിന്‍ തുമ്പത്ത് നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ബി.ജെ.പിക്കേ കഴിയൂ: അമിത് ഷാ
national news
മമതയുടെ മൂക്കിന്‍ തുമ്പത്ത് നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ബി.ജെ.പിക്കേ കഴിയൂ: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2024, 9:55 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദുക്കള്‍ക്ക് പൗരത്വം ലഭിക്കുമെന്നതിനാലാണ് മമത ബാനര്‍ജി പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

സി.എ.എയെ തൊടാന്‍ മമതയ്ക്കും കോണ്‍ഗ്രസിനും ധൈര്യമില്ലെന്നും ബംഗാളിലെ കരണ്ടിഗിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അമിത ഷാ പറഞ്ഞു. മമതയുടെ ഭരണത്തിന് കീഴില്‍ രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റം തുടരുകയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. നുഴഞ്ഞുകയറ്റവും അഴിമതിയും അവസാനിപ്പിക്കാന്‍ ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ഒരു വനിതാ മുഖ്യമന്ത്രി ആയിരുന്നിട്ടും സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ ആരോപണങ്ങളില്‍ നടപടിയെടുക്കാന്‍ മമതയ്ക്ക് കഴിഞ്ഞില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

വര്‍ഷങ്ങളായി മമതയുടെ മൂക്കിന്‍ തുമ്പത്തായി നിരവധി കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. ഈ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ബി.ജെ.പിക്കേ കഴിയുള്ളുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളില്‍ ആകെയുള്ള 42 ലോക്സഭാ സീറ്റുകളില്‍ 35 സീറ്റുകള്‍ നേടുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രീണനരാഷ്ട്രീയം കളിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിച്ചു കൊണ്ട് വോട്ട് നേടാനുള്ള കോണ്‍ഗ്രസ് തന്ത്രത്തിനെതിരെ ബി.ജെ.പി നീണ്ട പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അമിത് ഷാ റാലിക്കിടയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി കോണ്‍ഗ്രസ് വിഭജന തന്ത്രത്തില്‍ അഭയം തേടുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Content Highlight: Union Home Minister Amit Shah criticized Mamata Banerjee