ലഖ്നൗ: വിദ്വേഷ പരാമര്‍ശങ്ങള്‍ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇപ്പോള്‍ നടക്കുന്നത് കര്‍സേവകരെ വെടിവെച്ച് വീഴ്ത്തിയവരെ വേണോ അയോധ്യയില്‍ രാമക്ഷേത്രം പണിതുയര്‍ത്തിയവരെ വേണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണെന്ന് അമിത് ഷാ പറഞ്ഞു. യു.പിയിലെ ഇറ്റാ-കാസ്ഗഞ്ച് മണ്ഡലത്തില്‍ നടന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.
കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്തവരെയും രാമക്ഷേത്രം നിര്‍മിച്ചവരെയും പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും അമിത് ഷാ പറഞ്ഞു. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്ത ആളുകളാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശങ്ങള്‍ അനുവദിച്ചുകൊടുത്ത പിന്നോക്ക സമുദായങ്ങളിലെ ജനങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവഗണിച്ചെന്നും അമിത് ഷാ ആരോപിച്ചു.
ബി.ജെ.പിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ സംവരണം നീക്കം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ രണ്ട് തവണ മുഴുവന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിച്ച നരേന്ദ്ര മോദി സംവരണത്തെ പിന്തുണക്കുന്ന നേതാവാണെന്നും അമിത് ഷാ യു.പിയില്‍ പറഞ്ഞു.
എസ്.സി, എസ്.ടി, ഒ.ബി.സി എന്നീ വിഭാഗങ്ങള്‍ക്കുള്ള സംവരണം ബി.ജെ.പി നീക്കം ചെയ്യില്ലെന്നും അത്തരത്തില്‍ ഒരു നീക്കത്തിന് ആരെയും അനുവദിക്കില്ലെന്നും മോദി ഉറപ്പുനല്‍കുന്നുവെന്നാണ് തനിക്ക് പറയാനുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കുടുംബാംഗങ്ങളെ മാത്രം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും അമിത് ഷാ കുറ്റപ്പെടുത്തി.
ഇതിനുപുറമെ ഒരു കാലത്ത് നിരന്തരം ബോംബുകള്‍ പൊട്ടിത്തെറിച്ച സംസ്ഥാനമായിരുന്നു യു.പി. എന്നാല്‍ ഇപ്പോള്‍ മോദിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ നിര്‍മിക്കുന്ന ബോബുകള്‍ കയറ്റുമതി ചെയ്യുന്നുവെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം യു.പിയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ വോട്ടര്‍മാര്‍ തന്നെ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Union Home Minister Amit Shah continues hate speech in UP