ന്യൂദല്‍ഹി: കൊവിഡ് വാക്‌സിനെപ്പറ്റിയുള്ള വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിന്‍ സ്വീകരിക്കുന്നത് സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ വന്ധ്യത ഉണ്ടാകുമെന്ന പ്രചരണത്തിന് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. വാക്‌സിന്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുക. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുത്’, മന്ത്രി ട്വിറ്ററിലെഴുതി.
After being administered #COVID19Vaccine, some individuals may have side effects like mild fever, pain at injection site & bodyache. This is similar to the side effects that occur post some other vaccines.
അതേസമയം വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ കൊവിഡ് രോഗം പകരാന്‍ സാധ്യതയുണ്ടെന്നും ചില പ്രചരണങ്ങള്‍ നടന്നിരുന്നു. ഇവയൊന്നും വിശ്വസിക്കരുതെന്നും മന്ത്രി പറഞ്ഞു. വാക്‌സിനെടുക്കുന്നവരില്‍ രോഗം വരാന്‍ സാധ്യതയില്ലെന്നും കൊവിഡ് രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമെ രോഗം പകരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ എല്ലാ വാക്‌സിനുകള്‍ സ്വീകരിക്കുമ്പോഴും ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാറുണ്ട്. അത് സാധാരണമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വാക്‌സിനെടുത്ത ശേഷമുണ്ടാകുന്ന ചെറിയ പനിയെ പേടിക്കേണ്ടതില്ലെന്നും അതൊരിക്കലും കൊവിഡ് അല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യന്‍ വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൃത്യമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് വാക്‌സിന് അനുമതി നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവാക്‌സിന് ഒരു ഡോസിന് 206 രൂപയാണ്. ആദ്യഘട്ടത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി ഡോസും ഭാരത് ബയോടെകില്‍ നിന്ന് 55 ലക്ഷം ഡോസുമായിരിക്കും സര്‍ക്കാര്‍ വാങ്ങുക. പതിനാറര ലക്ഷം ഡോസ് കൊവാക്‌സിന്‍ ഭാരത് ബയോടെക് സൗജന്യമായി നല്‍കുമെന്നു അറിയിച്ചിട്ടുണ്ട്.
വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 13 ന് കേരളത്തില്‍ ആദ്യഘട്ട കൊവിഡ് വാക്സിന്‍ എത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിനുമായി ആദ്യ വിമാനം എത്തിയത്.
പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ജനുവരി 12 ന് പുലര്‍ച്ചയോടെ 13 സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ അയച്ചു തുടങ്ങിയിരുന്നു. ദല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ബെംഗളൂരു തുടങ്ങി 13 ഇടങ്ങളിലാണ് വാക്‌സിന്‍ എത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക