ദിസ്പുര്‍: അസമിലെ നിരോധിത ഗ്രൂപ്പായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമുമായി (ഉള്‍ഫ) സമാധാന കരാറില്‍ ഒപ്പുവെച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേതൃത്വം നല്‍കിയ ചര്‍ച്ചയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഉള്‍ഫയും കരാറില്‍ ഒപ്പുവെച്ചത്. ചര്‍ച്ച വിജയം കണ്ടതോടെ ഇന്നേ ദിവസം അസമിലെ ജനങ്ങളുടെ സുവര്‍ണ ദിനമാണെന്ന് അമിത് ഷാ പ്രതികരിച്ചു.
ഉള്‍ഫയുടെ ചെയര്‍മാനായ മിജാനൂര്‍ റഹ്‌മാന്‍ ചൗധരി എന്ന അരബിന്ദ രാജ്‌ഖോവയുടെ നേതൃത്വത്തിലുള്ള 16 അംഗ പ്രതിനിധി സംഘമാണ് ഉള്‍ഫ അനുകൂല ചര്‍ച്ചാ വിഭാഗത്തെ പ്രതിനിധീകരിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ചര്‍ച്ചയില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉള്‍ഫയുടെ ആക്രമണങ്ങളില്‍ സംസ്ഥാനം വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്നുണ്ടെന്നും 1979 മുതല്‍ ഏകദേശം 10,000 ജനങ്ങള്‍ അതിക്രമങ്ങളില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അമിത് ഷാ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഉള്‍ഫയുമായുള്ള കരാര്‍ പ്രകാരം അസമിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകമായ വികസന പാക്കേജ് നല്‍കുമെന്നും കരാര്‍ പൂര്‍ണമായും നടപ്പാക്കുമെന്നും ഷാ ഉറപ്പ് നല്‍കിയെന്ന് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അസമിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ സമാധാനം, അതിര്‍ത്തി പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ 9 കരാറുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ അക്രമം അവസാനിപ്പിക്കുന്നതിലും സംഘടന പിരിച്ചുവിടുന്നതിലും കേന്ദ്ര സര്‍ക്കാര്‍ ഉള്‍ഫയുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാവായ മിശ്രയും ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേകയും സംഘടനയുടെ ജനറല്‍ സെക്രട്ടറി അനൂപ് ചേതിയയുമായി ചര്‍ച്ചകള്‍ നടത്തിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
സ്വതന്ത്ര അസം എന്ന വാദവുമായി രൂപീകരിക്കപ്പെട്ട സായുധ സംഘടനയാണ് ഉള്‍ഫ. അപ്പര്‍ അസം ജില്ലകളില്‍ നിന്നുള്ള 20 യുവാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് 1979ല്‍ ആണ് ഉള്‍ഫയെന്ന വിഘടനവാദ സംഘടന രൂപീകരിക്കപ്പെടുന്നത്. ഉള്‍ഫയുമായി കേന്ദ്ര സര്‍ക്കാര്‍ പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരമാധികാരമെന്ന ആവശ്യവുമായാണ് സംഘടന നിലകൊണ്ടിരുന്നത്.
Content Highlight: Union government signs peace accord with ULFA