ന്യൂദല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നും ഭര്‍തൃബലാത്സംഗം തടയാന്‍ നിലവില്‍ നിയമമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
വൈവാഹിക ബലാത്സംഗത്തെ ക്രിമിനല്‍ കുറ്റമാക്കുന്നത് നിയമപരമായ വിഷയത്തേക്കാള്‍ ഉപരി ഒരു സാമൂഹിക വിഷയമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സാധിക്കുകയുളൂവെന്നും കേന്ദ്രം പറഞ്ഞു.
വിഷയം സമൂഹത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹരജിയുടെ ഉള്ളടക്കം ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 ( സമത്വത്തിനുള്ള അവകാശം)മായി ബന്ധപ്പെട്ടതാണെന്നും കേന്ദ്രം പറയുന്നു. ഹരജിയില്‍ ഉന്നയിക്കുന്ന വിഷയം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
വൈവാഹിക ബന്ധങ്ങള്‍ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതി ഇക്കാര്യത്തില്‍ ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വിവാഹിതരായവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ഒരു വശം മാത്രമാണ് ലൈംഗികതയെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.
ഐ.പി.സി സെക്ഷന്‍ 498 എ, ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്കുള്ള സംരക്ഷണ നിയമം 2005 എന്നീ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പാര്‍ലമെന്റ് നടപ്പിലാക്കിയതാണെന്നും കേന്ദ്രം അറിയിച്ചു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഹരജി ഏകമാനമായ ഒന്നാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പങ്കാളിയെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിർബന്ധിച്ച ഒരു ഭര്‍ത്താവിനെ ബലാത്സംഗ കുറ്റത്തിനുള്ള പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കണമോയെന്ന് ചോദ്യമുന്നയിക്കുന്ന ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
2023 ജനുവരി 16ന് ഫയല്‍ ചെയ്യപ്പെട്ട ഹരജിയില്‍ സുപ്രീം കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അതേസമയം പുതിയ ക്രിമിനല്‍ നിയമമനുസരിച്ച്, പ്രായപൂര്‍ത്തിയായ ഭാര്യയുമായി പുരുഷന്‍ നടത്തുന്ന ലൈംഗികബന്ധം നിര്‍ബന്ധതിമാണെങ്കിലും ബലാത്സംഗ കുറ്റമായി പരിഗണിക്കില്ല.
Content Highlight: Union government in Supreme Court against criminalization of marital abuse